ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയായ രാധിക ഭായ്. ഉത്തര്‍പ്രദേശിലെ ആഗ്ര കാണ്ഡില്‍ നിന്നും സ്വതന്ത്രയായി മത്സരിക്കാനാണ് രാധിക ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസമാണ് രാധിയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കപ്പെട്ടത്.
ആഗ്രയില്‍ നിന്നും പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയാണ് രാധിക. തന്റെ വിഭാഗത്തിലുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും, അതിന്റെ ഭാഗമായി ക്യാമ്പെയ്‌നുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും രാധിക വ്യക്തമാക്കി.
”ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കും രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പറ്റുമെന്നും ആളുകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിക്കുമെന്നും സമൂഹത്തിന് കാണിച്ചുകൊടുക്കണം. സാധാരണക്കാര്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായാവും ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.
ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ക്കായി പലതും ചെയ്യാന്‍ എനിക്ക് ഒരു അവസരം തരണമെന്ന് ജനങ്ങളോടഭ്യര്‍ത്ഥിക്കുന്നു,’ രാധിക പറയുന്നു.
ഇതിന് മുമ്പ് 2000ലായിരുന്നു ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുമുള്ള ഒരാള്‍ ഉത്തര്‍പ്രദേശിന്റെ അധികാരസ്താനങ്ങളില്‍ എത്തുന്നത്. ഗൊരഖ്പൂര്‍ മുനിസിപ്പില്‍ കോര്‍പ്പറേഷനില്‍ മേയറായി വിജയിച്ചുകയറിയായിരുന്നു ആശ ചരിത്രമായത്.
1998ലാണ് ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വനിത ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മധ്യപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട ശബ്‌നം മൗസി ആണ് ചരിത്രത്തില്‍ തന്റെ പേരും രേഖപ്പെടുത്തിയത്. ശബ്‌നത്തിന്റെ പാതയിലൂടെ താനും ആഗ്ര കാണ്ഡിന്റെ ജനപ്രതിനിധിയാവാനാണ് രാധികയും ഒരുങ്ങുന്നത്.