Entertainment
വന്ദനം പോലെ കുറച്ചു കാലം കഴിഞ്ഞ് ആളുകള്‍ ആറാട്ടിനെ കുറിച്ചും പറയും: രചന നാരായണന്‍കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 09, 03:26 pm
Tuesday, 9th July 2024, 8:56 pm

വന്ദനം എന്ന മോഹന്‍ലാല്‍ ചിത്രം അന്ന് തിയേറ്ററില്‍ വലിയ രീതിയില്‍ ഓടിയിട്ടില്ലെന്നും എന്നാല്‍ ഇന്ന് ആ സിനിമ എല്ലാവരുടെയും പ്രിയപ്പെട്ടതാണെന്നും പറയുകയാണ് രചന നാരായണന്‍കുട്ടി. മലയാളികള്‍ക്ക് ട്രാജഡിയോട് താത്പര്യമില്ല എന്നതിന്റെ ഉദാഹരണമാണ് ആ വന്ദനമെന്നും താരം പറയുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രചന. ഇതുപോലെ കുറച്ചു കാലം കഴിയുമ്പോള്‍ മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിനെ കുറിച്ചും ആളുകള്‍ പറയുമായിരിക്കും എന്ന പ്രതീക്ഷയും താരം അഭിമുഖത്തില്‍ പങ്കുവെച്ചു.

‘വന്ദനം എന്ന സിനിമ തിയേറ്ററില്‍ വലിയ രീതിയില്‍ ഓടിയിട്ടില്ല. പക്ഷെ ഇന്ന് അത് എല്ലാവരുടെയും ഫേവ്‌റിറ്റായ സിനിമയാണ്. മലയാളികള്‍ക്ക് പൊതുവെ ട്രാജഡിയോട് അത്ര താത്പര്യമില്ല എന്നതിന്റെ ഉദാഹരണമാണ് വന്ദനം. പക്ഷെ ആ സിനിമ കാണുമ്പോള്‍ ‘ഉഫ്’ എന്ന് പറയുന്നു. അതുപോലെ കുറച്ചു കാലം കഴിയുമ്പോള്‍ ആറാട്ടിനെ കുറിച്ചും പറയുമായിരിക്കും.

ഇതേകാര്യം തന്നെയാണ് ലിജോ ചേട്ടന്റെ സിനിമക്കും. അദ്ദേഹം ഒരുപാട് നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പല സിനിമകളെ കുറിച്ചും പറയുമ്പോള്‍ അത്ര പോരെ എന്ന് പറയാറുണ്ട്. അതിന് ഉദാഹരണമാണ് ഡബിള്‍ ബാരല്‍ എന്ന സിനിമ. തിയേറ്ററില്‍ റിലീസായ സമയത്ത് അത് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പക്ഷെ പിന്നീട് അത് ചര്‍ച്ച ചെയ്യപ്പെട്ടു.

ലിജോ ചേട്ടന്റെ സിനിമകള്‍ എപ്പോഴും ഒരു സിലബസാണ്. പത്ത് വര്‍ഷത്തിന് ശേഷവും പഠിക്കാന്‍ എടുക്കാവുന്നതാണ് അത്. സിനിമ ഇങ്ങനെയൊക്കെയാണ്. അത് ആക്‌സെപ്റ്റ് ചെയ്ത് മുന്നോട്ട് പോകുക എന്നതാണ് കാര്യം. കുറച്ച് കാലം കഴിയുമ്പോള്‍ അത് അന്നത്തെ ജനറേഷന്‍ ആക്‌സെപ്റ്റ് ചെയ്യുമായിരിക്കും,’ രചന നാരായണന്‍കുട്ടി.


Content Highlight: Rachana Narayanankutty Talks About Vandanam And Aarattu Movie