മീഡിയയോട് സംസാരിച്ച് പരിചയമില്ലാത്തയാള്‍, അച്ഛനോട് ക്ഷമിച്ച് അദ്ദേഹത്തെ വെറുതെ വിടാന്‍ അപേക്ഷ: അശ്വിന്‍
Sports News
മീഡിയയോട് സംസാരിച്ച് പരിചയമില്ലാത്തയാള്‍, അച്ഛനോട് ക്ഷമിച്ച് അദ്ദേഹത്തെ വെറുതെ വിടാന്‍ അപേക്ഷ: അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th December 2024, 8:23 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബ്രിസ്ബെയ്ന്‍ ടെസ്റ്റില്‍ ഇന്ത്യ പരാജയമൊഴിവാക്കി സമനില നേടിയെന്ന വാര്‍ത്ത ആശ്വാസത്തോടെ കേട്ട ആരാധകരെ നിരാശരാക്കിയാണ് സൂപ്പര്‍ താരം ആര്‍. അശ്വിന്റെ വിരമിക്കല്‍ വാര്‍ത്തയെത്തിയത്. മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിലാണ് അശ്വിന്‍ തന്റെ വിരമിക്കല്‍ തീരുമാനമറിയിച്ചത്.

അശ്വിന്റെ ഈ തീരുമാനത്തോട് പിതാവ് രവിചന്ദ്രനും പ്രതികരിച്ചിരുന്നു. മികച്ച ട്രാക്ക് റെക്കോഡ് ഉണ്ടായതിന് ശേഷവും ടീമിന്റെ ഭാഗമാക്കാത്തത് അവന് അപമാനമായി തോന്നിയിട്ടുണ്ടാകാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരത്തില്‍ അപമാനിക്കപ്പെടുന്നതിലും നല്ലത് വിരമിക്കുന്നതാണെന്ന് അശ്വിന്‍ ചിന്തിച്ചുകാണണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുമുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇപ്പോള്‍ പിതാവിന്റെ വാക്കുകളോട് പ്രതികരിക്കുകയാണ് അശ്വന്‍.

തന്റെ അച്ഛന് മീഡിയയോട് സംസാരിച്ച് പരിചയമില്ലെന്നും ആളുകള്‍ ഇത്തരം ‘ഡാഡ് സ്റ്റേറ്റ്‌മെന്റുകള്‍ക്ക്’ പിന്നാലെ പോകുമെന്ന് കരുതിയില്ലെന്നും തമാശപൂര്‍വം അശ്വിന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ച കുറിപ്പിലാണ് അശ്വിന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ പൊറുക്കണമെന്നും വെറുതെ വിടണമെന്നും അശ്വിന്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

അശ്വിന്റെ വിരമിക്കലിനെ കുറിച്ച് രവിചന്ദ്രന്‍ പറഞ്ഞത്.

‘അവസാന നിമിഷമാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്ന കാര്യം ഞാനും അറിഞ്ഞത്. അവന്റെ മനസില്‍ എന്തായിരുന്നുവെന്ന് എനിക്കറിയില്ല. അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു, സന്തോഷത്തോടെ ഞാനും ആ തീരുമാനം അംഗീകരിച്ചു. അതല്ലാതെ മറ്റ് വികാരങ്ങളൊന്നും എനിക്കതിലില്ല. എന്നാല്‍ അവന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെങ്കിലും മറ്റൊരു വശം ചിന്തിക്കുമ്പോള്‍ കുറച്ചുകാലം കൂടി അവന് തുടരാമായിരുന്നുവെന്ന് തോന്നി.

അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല. മികച്ച റെക്കോഡുണ്ടായിട്ടും പലപ്പോഴും പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കുന്നത് അവന് അപമാനമായി തോന്നിയിട്ടുണ്ടാവാം. വിരമിക്കാനുള്ള തീരുമാനം അവന്റെ ആഗ്രഹപ്രകാരമാണ്. അതില്‍ എനിക്ക് ഇടപെടാനാകില്ല. പക്ഷെ അത് ഇത്രയും വേഗത്തിലാവാന്‍ കാരണം പലതുമുണ്ടാകാം. അത് അശ്വിനേ അറിയു, ഒരുപക്ഷെ അപമാനിതനാകുന്നുവെന്ന തോന്നലാകാം അതിന് കാരണം.

വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത അവനിലുണ്ടെന്ന് അറിയാമായിരുന്നു. എന്നാലത് പൊടുന്നനെ ആയതിന് കാരണം ടീമില്‍ നിന്ന് തുടര്‍ച്ചയായി ഒഴിവാക്കപ്പടുന്നതിലെ അപമാനമാകാം. അതിനെല്ലാം പരിധിയുണ്ട്. അതുകൊണ്ടായിരിക്കും അവന്‍ പെട്ടന്ന് തീരുമാനമെടുത്തത്,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

 

Content highlight: R Ashwin reacts to his father’s statement about his retirement