കോബ്രയില്‍ ഒരുപാട് പാകപ്പിഴകള്‍ വന്നിട്ടുണ്ട്; തോറ്റതിന് ശേഷം പറയുന്നതെല്ലാം ഒഴിവുകഴിവുകള്‍: ആര്‍. അജയ് ജ്ഞാനമുത്തു
Movie Day
കോബ്രയില്‍ ഒരുപാട് പാകപ്പിഴകള്‍ വന്നിട്ടുണ്ട്; തോറ്റതിന് ശേഷം പറയുന്നതെല്ലാം ഒഴിവുകഴിവുകള്‍: ആര്‍. അജയ് ജ്ഞാനമുത്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st August 2024, 10:23 am

നിരൂപക പ്രശംസ നേടിയ ഹൊറര്‍-ത്രില്ലര്‍ ചിത്രമായ ഡിമോണ്ടി കോളനിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ആര്‍. അജയ് ജ്ഞാനമുത്തു. ഡിമോണ്ടി കോളനിക്ക് ശേഷം ഇദ്ദേഹം നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ഇമൈക്ക നൊടികള്‍ എന്ന സിനിമയും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആര്‍. അജയ് ജ്ഞാനമുത്തുവിന്റെ മൂന്നാമത്തെ സിനിമയായിരുന്നു കോബ്ര. വിക്രം നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം എന്നാല്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. വലിയ പ്രതീക്ഷകളോടെ വന്ന ചിത്രത്തിന്റെ അപ്രതീക്ഷിത തോല്‍വി അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും ഒരു പോലെ നിരാശയിലാക്കിയിരുന്നു.

സിനിമയുടെ തോല്‍വിയെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താല്പര്യമില്ലെന്നും സിനിമയുടെ പരാജയം തന്നെ വല്ലാതെ തളര്‍ത്തിയെന്നും ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ആര്‍. അജയ് ജ്ഞാനമുത്തു.

സിനിമയുടെ തുടക്കം മുതല്‍ തന്നെ പാകപ്പിഴകള്‍ വന്നിരുന്നെന്നും എന്നാല്‍ അതെല്ലാം ശരിയാക്കാന്‍ കഴിയുമെന്ന് കരുതിയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കോബ്ര വിചാരിച്ച പോലെ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ആര്‍. അജയ് ജ്ഞാനമുത്തു കൂട്ടിച്ചേര്‍ത്തു.

‘കോബ്ര റിലീസ് ആയതിന് ശേഷം ഞാന്‍ ജീവിതത്തിലെ വലിയ കുറെ പാഠങ്ങള്‍ പഠിച്ചു. അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കണം എന്നെനിക്കില്ല. കാരണം സക്‌സസിന് ശേഷം നമ്മള്‍ പറയുന്നതെല്ലാം വിജയ കഥകളായിരിക്കും എന്നാല്‍ തോറ്റതിന് ശേഷം നമ്മള്‍ പറയുന്നതെല്ലാം എക്‌സ്‌ക്യൂസുകളായിരിക്കും.

തോറ്റതിന് ശേഷം എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഒഴിവുകഴിവുകളെ കുറിച്ച് സംസാരിച്ചിട്ടും കാര്യമില്ല. കോബ്രയില്‍ ഒരുപാട് കാര്യങ്ങള്‍ തെറ്റായി സംഭവിച്ചിട്ടുണ്ട്.

അതിന്റെ തുടക്കത്തിലെ സ്‌ക്രിപ്റ്റിങ്ങില്‍ തന്നെ പാകപ്പിഴകള്‍ വന്നിട്ടുണ്ട്. ഞങ്ങള്‍ക്കതറിയാമായിരുന്നു. പക്ഷെ ഒരു സമയത്തേക്ക് എത്തുമ്പോള്‍ ഇതെല്ലം നമുക്ക് കവര്‍ ചെയ്യാന്‍ കഴിയും എന്നൊരു ചിന്ത വന്നുതുടങ്ങും.

ഇപ്പോള്‍ ഒരു കുഞ്ഞ് ജനിക്കാന്‍ പോകുകയാണെന്ന് കരുതുക, ജനിക്കാന്‍ പോകുന്നതിന് മുന്നേ നമ്മള്‍ ആ കുഞ്ഞിന് എന്തൊക്കയോ കുഴപ്പമുണ്ടെന്ന് അറിയുന്നു. പക്ഷെ ആ കുഞ്ഞിനെ നമ്മള്‍ എടുത്ത് ദൂരെ കളയില്ലല്ലോ, അതുപോലെയാണ് കോബ്രയും,’ ആര്‍. അജയ് ജ്ഞാനമുത്തു.

Content Highlight: R. Ajay Gnanamuthu talks about failure of Cobra movie