അടിയെന്ന് പറഞ്ഞാല്‍ എജ്ജാതി അടി, ഈ ലോകകപ്പിലെ റെക്കോഡ് സ്വന്തം പേരിലാക്കി പ്രോട്ടിയാസിന്റെ പുലി
Sports
അടിയെന്ന് പറഞ്ഞാല്‍ എജ്ജാതി അടി, ഈ ലോകകപ്പിലെ റെക്കോഡ് സ്വന്തം പേരിലാക്കി പ്രോട്ടിയാസിന്റെ പുലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st June 2024, 9:26 pm

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ മത്സരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് രണ്ടിലെ ശക്തരായ ഇംഗ്ലണ്ടും സൗത്ത് ആഫ്രിക്കയും തമ്മിലാണ് മത്സരം. സെന്റ് ലൂസിയ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് പട ഈ മത്സരത്തിനിറങ്ങുന്നത്.

അമേരിക്കയെ 18 റണ്‍സിന് തകര്‍ത്ത സൗത്ത് ആഫ്രിക്ക അതേ ആത്മവിശ്വാസത്തിലാണ് ഈ മത്സരത്തിനും കളത്തിലിറങ്ങിയത്. ആദ്യ ഓവറില്‍ വെറും ഒരു റണ്‍ നേടിയ പ്രോട്ടിയാസ് ഓപ്പണര്‍മാര്‍ രണ്ടാം ഓവര്‍ മുതല്‍ തകര്‍ത്തടിക്കാന്‍ തുടങ്ങി. ഡി കോക്കാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

പവര്‍പ്ലേയില്‍ ഇഗ്ലണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിയ ഡി കോക്ക് ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയില്‍ യു.എസ്.എ താരം ആരോണ്‍ ജോണ്‍സണോടൊപ്പമെത്തി. 22 പന്തിലാണ് താരം തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. നാല് വീതം ഫോറുകളും സിക്‌സറുകളും പായിച്ചാണ് താരം റെക്കോഡിനൊപ്പമെത്തിയത്.

ഈ ലോകകപ്പിലെ വേഗതയേറിയ ഫിഫ്റ്റി. താരം, നേരിട്ട പന്തുകള്‍, രാജ്യം, എതിരാളികള്‍

ആരോണ്‍ ജോണ്‍സണ്‍ (22), യു.എസ്.എ – കാനഡ
ക്വിന്റണ്‍ ഡി കോക്ക് (22) സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട്
മാര്‍ക്കസ് സ്റ്റോയിണിസ് (25) ഓസ്‌ട്രേലിയ- സ്‌കോട്ട്‌ലന്‍ഡ്
ക്വിന്റണ്‍ ഡി കോക്ക് (26) സൗത്ത് ആഫ്രിക്ക- യു.എസ്.എ

അതേ സമയം മത്സരം 14 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സാണ് പ്രോട്ടിയാസ് നേടിയത്. എട്ട് പന്തില്‍ ഏഴ് റണ്‍സുമായി ഹെന്റിച്ച് ക്ലാസനും, റണ്‍സൊന്നുമെടുക്കാതെ എയ്ഡന്‍ മാര്‍ക്രമുമാണ് ക്രീസില്‍.

Content Highlight: Quinton De Cock got fastest fifty in this world cup