ദോഹ: യോഗഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നിരോധിച്ചു. അനുവദിനീയമായതിലും അധികം അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ പാടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
നേരത്തേയും ഇന്ത്യയിലുള്‍പ്പെടെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ല എന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂണില്‍ നേപ്പാള്‍ സര്‍ക്കാര്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ചിരുന്നു. പതഞ്ജലിയുടെ ആറ് ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരം ഇല്ലെന്നും നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നുമാണ് കണ്ടെത്തിയത്.
ഇതുകൂടാതെ ഇന്ത്യയിലെ സൈനിക കാന്റീനുകളില്‍ നിന്ന് പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് പിന്‍വലിച്ചിരുന്നു. ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ഈ നടപടി.