പി.വി സിന്ധു ഇനി സി.ആര്‍.പി.എഫ് കമാന്റന്റ്
Daily News
പി.വി സിന്ധു ഇനി സി.ആര്‍.പി.എഫ് കമാന്റന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th August 2016, 2:29 pm

സിന്ധുവിന് സി.ആര്‍.പി.എഫ് കമാന്റന്റ് പദവി നല്‍കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അവശ്യമായ അനുമതികളെല്ലാം നേടിയിരുന്നു. ഇതിന് ശേഷം സിന്ധുവിന്റെ സമ്മതവും വാങ്ങി.


ന്യൂദല്‍ഹി: റിയോ ഒളിംമ്പിക്‌സില്‍ ഇന്ത്യക്കായി വെള്ളിമെഡല്‍ നേടിയ പി വി സിന്ധുവിന് അംഗീകാരവുമായി സി.ആര്‍.പി.എഫ്. സിന്ധുവിനോടുളള ബഹുമാനാര്‍ത്ഥം സി.ആര്‍.പി.എഫ് കമാന്റന്റ് പദവിയാണ് നല്‍കിയത്. ഇതോടൊപ്പം സിന്ധുവിനെ സി.ആര്‍.പിഎഫിന്റെ ബ്രാന്‍ഡ് അംബാസഡറായും നിയമിച്ചു.

റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണിലാണ് സിന്ധു വെള്ളി നേടിയത്. വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കരോലിന മാരിനെതിരെയായിരുന്നു സിന്ധുവിന്റെ മത്സരം. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് സിന്ധു വെള്ളി മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്.

ഖേല്‍ രത്‌ന പുരസ്‌കാരം കിട്ടിയതിന് തൊട്ടുപിന്നാലെയാണ് സിന്ധുവിന് സി.ആര്‍.പി എഫിന്റെ അംഗീകാരം. നേരത്തേ, ബി.എസ്.എഫ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചിരുന്നു.

സിന്ധുവിന് സി.ആര്‍.പി.എഫ് കമാന്റന്റ് പദവി നല്‍കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അവശ്യമായ അനുമതികളെല്ലാം നേടിയിരുന്നു. ഇതിന് ശേഷം സിന്ധുവിന്റെ സമ്മതവും വാങ്ങി. ഇതിന് പിന്നാലെയാണ് ഒ്ൗദ്യോഗിക പ്രഖ്യാപനവുമായി സി.ആര്‍.പി.എഫ് രംഗത്തെത്തിയത്. പൊലീസ് സുപ്രണ്ടിന്റെ റാങ്ക് ആണ് സി.ആര്‍.പി.എഫ് കമാന്‍ഡന്റിനുള്ളത്.

സിന്ധുവിനെ കൂടാടെ ഗുസ്തിയില്‍ സാക്ഷി മാലിക്കും ഇന്ത്യക്കായി മെഡല്‍ നേടി. വെങ്കലമെഡലാണ് സാക്ഷി സ്വന്തമാക്കിയത്.

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ സിന്ധുവിനും സാക്ഷി മാലികിനും ദിപാ കര്‍മ്മാര്‍ക്കര്‍ക്കും സിന്ധുവിന്റെ കോച്ച് പി.ഗോപീചന്ദിനും കഴിഞ്ഞ ദിവസം ബി.എം.ഡബ്യൂ കാറും സമ്മാനിച്ചിരുന്നു.

ഹൈദരാബാദ് ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ അസോസിയേന്‍ പ്രസിഡന്റ് ചാമുണ്ഡേശ്വര്‍നാഥ് ആയിരുന്നു കാറുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു കാറിന്റെ താക്കോലുകള്‍ കൈമാറിയത്.