മമ്മൂട്ടിയേയും പാര്‍വതി തിരുവോത്തിനേയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. മെയ് 13 ന് സോണി ലീവിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്. നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നത് തന്നെയാണ് പുഴുവിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
പുഴു ചിത്രീകരണത്തെ കുറിച്ചും മമ്മൂട്ടി-പാര്‍വതി കോമ്പോ ഷൂട്ട് ചെയ്യുമ്പോഴുള്ള ചില രസകരമായ നിമിഷങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായിക റത്തീന. എഫ്.ടി.ക്യൂ വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റത്തീന. നടി പാര്‍വതിയും റത്തീനയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
മമ്മൂക്കയും പാര്‍വതിയും ഒരുമിച്ചുള്ള ഒരു സീനില്‍ ഒരാളുടെ പെര്‍ഫോമന്‍സ് ശരിയാകുകയും മറ്റേ ആളുടേത് അത്ര ശരിയാകാതിരിക്കുകയും ചെയതാല്‍ റീട്ടേക്ക് എങ്ങനെയാണ് ഹാന്‍ഡില്‍ ചെയ്യുക എന്ന ചോദ്യത്തിന് ഇവരൊക്കെ പ്രൊഫഷണല്‍ ആക്ടേഴ്‌സ് ആണെന്നും അങ്ങനെയുള്ള വിഷയങ്ങളൊന്നും ഉണ്ടാകാറില്ലെന്നുമായിരുന്നു റത്തീനയുടെ മറുപടി. എന്നാല്‍ റീടേക്ക് വേണ്ടി വരുമ്പോള്‍ ചില സമയത്ത് മമ്മൂക്ക അതെന്തിനാണ്, പറ്റില്ല എന്നൊക്കെ പറയുമെന്നും (ചിരി) റത്തീന പറയുന്നു.
‘ ഇവരൊക്കെ പ്രൊഫഷണല്‍ ആക്ടേഴ്‌സാണ്. ഡയരക്ടര്‍ ഒരു സീന്‍ ഓക്കെ ആയില്ല എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ എന്തുപറ്റിയെന്ന് ചോദിക്കുന്ന ഭയങ്കര പ്രൊഫഷണല്‍ ആയിട്ടുള്ള ആള്‍ക്കാരാണ് രണ്ട് പേരും.
ഇതാണ് കുഴപ്പം, ഇങ്ങനെയായിരുന്നു വിചാരിച്ചത് എന്ന് ഞാന്‍ പറയും. അല്ലെങ്കില്‍ ചിലപ്പോള്‍ എന്റെ മിസ്‌റ്റേക്ക് ആയിരിക്കാം അവരുടേത് ആയിരിക്കില്ല അല്ലെങ്കില്‍ സൗണ്ടിന്റേതായിരിക്കാം ക്യാമറയുടേതായിരിക്കാം. പിന്നെ ഇവരൊക്കെ വര്‍ഷങ്ങളായി എക്‌സ്പീരിയന്‍സുള്ള ആളുകളാണ്. മമ്മൂക്കയൊക്കെ എത്രയോ പുതിയ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്ത ആളാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് അറിയാം.
ചില സമയത്ത് ഭയങ്കര എഫേര്‍ട്ട് എടുത്ത് ചെയ്തതൊക്കെ ചിലപ്പോള്‍ നമുക്ക് എടുക്കാന്‍ പറ്റിയെന്ന് വരില്ല. അപ്പോള്‍ എനിക്കും ഭയങ്കര വിഷമമാണ്. അയ്യോ എന്ന് തോന്നും. അത് അവര്‍ക്കും ഉണ്ടാകും. അവര്‍ അത്രയും സമയം ആ ക്യാരക്ടര്‍ ആയി നിന്ന് ചെയ്ത് രണ്ടാമത്തെ തവണ ചിലപ്പോള്‍ അത് കിട്ടണമെന്നില്ല. അതൊക്കെയുണ്ട്. പിന്നെ അവര്‍ ഇത് വര്‍ഷങ്ങളായി ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ അങ്ങനെത്തെ ഒരു പ്രശ്നമൊന്നുമില്ല, റത്തീന പറഞ്ഞു.
എന്നാല്‍ നമ്മള്‍ ചിലപ്പോള്‍ തിരിച്ച് പറയുകയൊക്കെ ചെയ്യുമെന്നായിരുന്നു ഇതിനോടുള്ള പാര്‍വതിയുടെ മറുപടി.
അതൊക്കെയുണ്ടാകും, പ്രത്യേകിച്ച് മമ്മൂക്ക എന്നായിരുന്നു ഇതോടെ റത്തീന പറഞ്ഞത്.
‘എന്തിനാ വണ്‍സ് മോര്‍, എന്താ ഫോക്കസ് പോയോ അതെന്താ ഫോക്കസ് പോയത്. ഇനി തരില്ല (ചിരി) എന്നൊക്കെ മമ്മൂക്ക പറഞ്ഞുകളയും.
എന്നാല്‍ പാര്‍വതി വന്നിട്ട് സൗണ്ട് കുറച്ചാണ് പറയുക, എന്തെങ്കിലും പ്രശ്‌നം? അത് ഓക്കെ ആയിരുന്നില്ലേ എന്ന് ചോദിക്കും.
എനിക്കറിയാം വോയ്‌സ് താഴ്ന്നു കഴിഞ്ഞാലാണ് കുറച്ച് പ്രശ്‌നം കൂടുതലെന്ന് (ചിരി). വോയ്‌സ് കുറയുമ്പോള്‍ എനിക്കറിയാം. ഷീ ഈസ് നോട്ട് ഓക്കെ എന്ന്. എന്നാല്‍ മമ്മൂക്കയില്‍ നിന്ന് ആദ്യം ഷൗട്ടാണ് വരുക (ചിരി) എന്തിനാണ് ഇപ്പോ വണ്‍സ് മോര്‍ എന്നൊക്കെ പറഞ്ഞിട്ട്. പക്ഷേ രണ്ട് പേരും അത് അത്രയും പെര്‍ഫക്ട് ആയിട്ട് തരാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ അത് തരുകയും ചെയ്യും, റത്തീന പറഞ്ഞു.
Content Highlight: Puzhu Director ratheena About Mammootty and parvathy Combo scenes and retake