ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്തയുടെ റെക്കോഡും തൂക്കിയാണ് അവർ മടങ്ങുന്നത്; ചരിത്രം കൈപ്പിടിയിലാക്കി പഞ്ചാബ്
Cricket
ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്തയുടെ റെക്കോഡും തൂക്കിയാണ് അവർ മടങ്ങുന്നത്; ചരിത്രം കൈപ്പിടിയിലാക്കി പഞ്ചാബ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th May 2024, 2:28 pm

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യംബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 19.1 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

28 പന്തില്‍ 66 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഹൈദരാബാദ് ജയിച്ചു കയറിയത്. അഞ്ച് ഫോറുകളും ആറ് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഹെന്റിച്ച് ക്ലാസന്‍ 26 പന്തില്‍ 42 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഢി 25 പന്തില്‍ 37 റണ്‍സും രാഹുല്‍ ത്രിപാഠി 18 പന്തില്‍ 33 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഹൈദരാബാദ് ബാറ്റിങ്ങില്‍ ആദ്യ പന്തില്‍ തന്നെ ട്രാവിസ് പുറത്താവുകയായിരുന്നു. അര്‍ഷദീപിന്റെ പന്തില്‍ ക്ളീന്‍ ബൗള്‍ഡ് ആയാണ് താരം പുറത്തായത്. പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യ പന്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ടീമായി മാറാനാണ് പഞ്ചാബിന് സാധിച്ചത്. എട്ട് വിക്കറ്റുകളാണ് പഞ്ചാബ് ആദ്യ പന്തില്‍ നേടിയിട്ടുള്ളത്.

ഏഴ് വിക്കറ്റുകള്‍ നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്നു കൊണ്ടായിരുന്നു പഞ്ചാബിന്റെ മുന്നേറ്റം. ഒമ്പത് വിക്കറ്റുകള്‍ ആദ്യ പന്തിൽല്‍ നേടിയ മുംബൈ ഇന്ത്യന്‍സ് ആണ് ഈ പട്ടികയില്‍ ഒന്നാമത് ഉള്ളത്.

ഹെഡിന് പുറമെ അര്‍ഷ്ദീപ് ഷഹബാസ് അഹമ്മദിനെയും പുറത്താക്കിയിരുന്നു. ഹര്‍ഷല്‍ പട്ടേല്‍ രണ്ടു വിക്കറ്റും ഹര്‍പ്രിത് ബ്രാര്‍, ശശാങ്ക് സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അതേസമയം സമയം ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി പ്രഭ്‌സിമ്രാന്‍ സിങ് 45 പന്തില്‍ 71 റണ്‍സും റൂസോ 24 പന്തില്‍ 49 റണ്‍സും അഥര്‍വ്വ ടെയ്ഡ് 27 പന്തില്‍ 46 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Punjab Kings is the second team in the IPL History to take most wickets in First ball