വൈദ്യുത പോസ്റ്റുകളില്‍ പരസ്യം പതിച്ചാല്‍ ഇനി ശിക്ഷ; ഒരു വര്‍ഷം തടവോ 5000 രൂപ പിഴയോ ലഭിക്കും
Kerala News
വൈദ്യുത പോസ്റ്റുകളില്‍ പരസ്യം പതിച്ചാല്‍ ഇനി ശിക്ഷ; ഒരു വര്‍ഷം തടവോ 5000 രൂപ പിഴയോ ലഭിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2024, 8:04 am

തിരുവനന്തപുരം: വൈദ്യുതപോസ്റ്റുകളില്‍ പരസ്യം പതിച്ചാല്‍ ഇനി മുതല്‍ ശിക്ഷ ലഭിക്കും. ഒരു വര്‍ഷം വരെ തടവോ 5000 രൂപ പിഴയോ രണ്ടുംകൂടി ഒരുമിച്ചോ ലഭിക്കുന്ന കുറ്റമായിരിക്കും പരസ്യം പതിക്കുന്നവര്‍ക്കെതിരെ ചുമത്തുക. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.ഇ.ബി. പുതിയ നടപടിക്കൊരുങ്ങുന്നത്.

പരസ്യം പതിക്കുന്നവര്‍ക്കെതിരെ കെ.എസ്.ഇ.ബിയായിരിക്കും പരാതി നല്‍കുക. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആക്ട് 120 ഡി (ഉടമസ്ഥന്റെ അനുവാദമില്ലാതെ പോസ്റ്ററുകളോ എഴുത്തുകളോ ചിഹ്നങ്ങളോ പതിപ്പിക്കുന്നതിനെതിരായ വകുപ്പ്) പ്രകാരമായിരിക്കും പൊലീസ് കേസെടുക്കുക. ശിക്ഷിക്കപ്പെട്ടാല്‍ ഒരു വര്‍ഷം വരെ തടവോ 5000 രൂപ പിഴയോ രണ്ടുംകൂടിയുള്ള ശിക്ഷയോ ആയിരിക്കും ചുമത്തും.

രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമോ എഴുത്തുകളോ പോസ്റ്ററുകളോ പതിച്ചാല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെയായിരിക്കും കേസെടുക്കുക. മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും വിപണന സ്ഥാപനങ്ങളുടെയോ പരസ്യം പതിച്ചാല്‍ സ്ഥാപന ഉടമക്കെതിരെ കേസെടുക്കും.

കൂടാതെ വൈദ്യുത ബില്ലുകളില്‍ ശുചിത്വ സന്ദേശം രേഖപ്പെടുത്തുകയും ചെയ്യും. സംസ്ഥാനത്തെ വിവിധ കെ.എസ്.ഇ.ബി ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും നടപടിയെടുക്കും. മാലിന്യമുക്ത കേരളം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് തീരുമാനം.

ഓഫീസുകളിലെ പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായാണ് സംസ്‌കരിക്കുന്നതെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പുവരുത്തുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ അറിയിച്ചു. 2016ലെ ഖരമാലിന്യ പരിപാലന ചട്ടം, 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടം എന്നിവ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

content highlights; Punishment for posting advertisements on electricity posts; Imprisonment for one year or fine of Rs.5000