ദബോല്‍ക്കര്‍ വധക്കേസ് പ്രതി ഡോ. വീരേന്ദ്ര തവ്‌ദെയുടെ ജാമ്യാപേക്ഷ പൂനെ കോടതി തള്ളി
national news
ദബോല്‍ക്കര്‍ വധക്കേസ് പ്രതി ഡോ. വീരേന്ദ്ര തവ്‌ദെയുടെ ജാമ്യാപേക്ഷ പൂനെ കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th July 2018, 10:18 am

പൂനെ: യുക്തിവാദി നേതാവായ നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസിലെ മുഖ്യപ്രതിയായ ഡോ. വീരേന്ദ്ര തവ്‌ദെയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

വീരെന്ദ്രയുടെ രണ്ടാമത്തെ ജാമ്യാപേക്ഷയാണ് പൂനെ കോടതി തള്ളുന്നത്. 2013 ആഗസ്റ്റ് 23ന് പൂനയില്‍ വെച്ചാണ് ദബോല്‍ക്കര്‍ കൊല്ലപ്പെടുന്നത്.

ബാംഗ്ലൂരില്‍ മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിയായ അമോല്‍ കാലേയുമായി വീരേന്ദ്രന് ബന്ധമുണ്ടോ എന്ന് സി.ബി.ഐ അന്വേഷിക്കുകയാണെന്ന് ജാമ്യാപേക്ഷ കോടതി പരിഗണിക്കവെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് ചലന്ദന്‍ പറഞ്ഞു.

രണ്ടു കൊലപാതകങ്ങളും സംബന്ധിച്ച രേഖകള്‍ സീല്‍ചെയ്ത കവറിലാക്കി സി.ബി.ഐ കോടതിയെ ഏല്‍പ്പിച്ചു. ഗൗരി ലങ്കേഷിന്റെ ഘാതകന്‍ മെമ്പറായിട്ടുള്ള സനാതന്‍ സാന്‍സ്തയില്‍ നിന്നും പിരിഞ്ഞിട്ടുള്ള ഗ്രൂപ്പായ ഹിന്ദു ജനജാഗൃതി സമിതിയിലെ അംഗമാണ് ഇ.എന്‍.ടി സര്‍ജനായ വീരേന്ദ്ര താവ്‌ദെ.


Read:  യാത്രക്കിടെ റോഡില്‍ കണ്ടത് രണ്ടായിരത്തിലേറെ കുഴികള്‍; എക്സിക്യൂട്ടീവ് എഞ്ചീനിയറെ സസ്പെന്‍ഡ് ചെയ്ത് ജി.സുധാകരന്‍


ജനജാഗൃതി സമിതിയുടെ ഓഫീസില്‍ നിന്നാണ് വീരെന്ദ്രയെ 2016 ജൂണില്‍ സി.ബി.ഐ അറസ്റ്റുചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് നേതാവായ ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകത്തിലും പ്രതിയാണ് വീരേന്ദ്ര.

2015ല്‍ കോലാപൂരില്‍ വെച്ചാണ് ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെടുന്നത്. ഈ കേസില്‍ വീരേന്ദ്രന് കോലാപൂര്‍ കോടതി ജാമ്യം അനുവദിച്ചു. ദബോല്‍ക്കറിന്റെ കൊലപാതകത്തില്‍ ആകെ പിടിക്കപ്പെട്ട പ്രതിയാണ് ഡോ. വീരേന്ദ്ര തവ്‌ദെ.