Sports News
അവന്റെ ഒരു കരാര്‍, ശരിയാക്കിക്കൊടുക്കാം; മെസിക്കെതിരെ പ്രതിഷേധിക്കാന്‍ പി.എസ്.ജി ആരാധകര്‍;റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 16, 03:16 pm
Thursday, 16th March 2023, 8:46 pm

സൂപ്പര്‍ താരം ലയണല്‍ മെസി പി.എസ്.ജിയുമായി കരാര്‍ പുതുക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പി.എസ്.ജി പുറത്തായതിന് പിന്നാലെ താരം ടീമിനോട് വിടപറഞ്ഞേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍ ആ അഭ്യൂഹങ്ങളെ അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു താരം കരാര്‍ നീട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.

എന്നാല്‍ മെസിയുടെ പുതിയ കരാറില്‍ പി.എസ്.ജി ആരാധകര്‍ ഒട്ടും തൃപ്തരല്ലെന്നും അവര്‍ ഈ കരാറിനെതിരെ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലീഗ് വണ്ണില്‍ റെന്നെസിനെതിരായ മത്സരത്തില്‍ മെസിക്ക് നേരെ വിസില്‍ ചെയ്ത് പ്രതിഷേധിക്കാനാണ് ആരാധകര്‍ ഒരുങ്ങുന്നതെന്നാണ് സ്‌പെയ്‌നില്‍ നിന്നുള്ള വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് കീഡ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്‌പെയ്ന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മത്സരത്തിനിടെ ആരാധകര്‍ വിസില്‍ മുഴക്കുന്നത് കൂവുന്നതിന് സമമായിട്ടാണ് കരുതപ്പെടുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് സിക്‌സ്റ്റീന്‍ മത്സരത്തില്‍ തോറ്റുപുറത്തായതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആരാധകര്‍ മെസിക്കെതിരെ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

ലീഗ് വണ്ണില്‍ പി.എസ്.ജിയുടെ അടുത്ത മത്സരത്തില്‍ മെസിക്കെതിരെ വിസില്‍ മുഴക്കുമെന്നാണ് പി.എസ്.ജി ആരാധക കൂട്ടം അറിയിച്ചിരിക്കുന്നത്.

‘ഈ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഞങ്ങള്‍ മെസിക്കെതിരെ വിസില്‍ മുഴക്കും. അവന്‍ ഗ്രൗണ്ടില്‍ പുറത്തെടുക്കുന്ന കളിയേക്കാള്‍ എത്രയോ വലിയ ശമ്പളമാണ് അവന്‍ വാങ്ങുന്നത്,’ ആരാധകര്‍ പറഞ്ഞതായി സ്‌പെയ്‌നില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവും ഗോള്‍ഡന്‍ ബോള്‍ ജേതാവും പി.എസ്.ജിക്കൊപ്പമുണ്ടായിട്ടും ബയേണിനെതിരെ വിജയം നേടാന്‍ മാത്രം പി.എസ്.ജിക്ക് സാധിച്ചില്ല. ഇരുപാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു പി.എസ്.ജി തോറ്റത്.

 

ചാമ്പ്യന്‍സ് ലീഗില്‍ പരാജയപ്പെട്ടെങ്കിലും ലീഗ് വണ്‍ കിരീടം സ്വന്തമാക്കാനുള്ള ഓട്ടത്തില്‍ ഏറെ മുമ്പിലാണ് പി.എസ്.ജി. രണ്ടാമതുള്ള മാഴ്‌സെയെക്കാള്‍ പത്ത് പോയിന്റ് ലീഡാണ് പി.എസ്.ജിക്കുള്ളത്.

 

Content Highlight: PSG fans set to whistle Lionel Messi, protest over his contract – reports