നെയ്മർ ഇല്ലാത്തതാണ് പി.എസ്.ജിക്ക് നല്ലത്; താരത്തെ വിമർശിച്ച് പ്രമുഖ ഫുട്ബോൾ വിദഗ്ധൻ
football news
നെയ്മർ ഇല്ലാത്തതാണ് പി.എസ്.ജിക്ക് നല്ലത്; താരത്തെ വിമർശിച്ച് പ്രമുഖ ഫുട്ബോൾ വിദഗ്ധൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th March 2023, 7:48 pm

ഫ്രഞ്ച് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് പാരീസ് ക്ലബ്ബായ പി.എസ്. ജി. ലീഗിൽ ഒരിടക്ക് തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും പിന്നീട് വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് പാരിസ് ക്ലബ്ബ്.

ലീഗിൽ ചിര വൈരികളായ മാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത ക്ലബ്ബ്‌ പിന്നീട് നാന്റെസിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു.

എന്നാൽ ലോസ്ക് ലില്ലിക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായി നാല് മാസത്തിലധികം വിശ്രമം വേണ്ടിവരുന്ന അവസ്ഥയിലാണ് ക്ലബ്ബിലെ സൂപ്പർ താരമായ നെയ്മർ.

എന്നാലിപ്പോൾ നെയ്മർ ഇല്ലാത്തത് പി. എസ്.ജിക്ക് നല്ലതാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഫുട്ബോൾ വിദഗ്ധനായ ആഷ്ലി വെസ്റ്റ് വുഡ്.

നെയ്മർക്ക് പരിക്കേറ്റത് ക്ലബ്ബിന് ഐശ്വര്യമാണെന്നും ഇനി ക്ലബ്ബിന് നന്നായി കളിക്കാമെന്നുമായിരുന്നു ആഷ്ലി വെസ്റ്റ് വുഡ് അഭിപ്രായപ്പെട്ടത്.


“നെയ്മറില്ലെങ്കിൽ പി.എസ്.ജി അടിപൊളിയായിരിക്കും. അദ്ദേഹം പന്തുമായി മുന്നേറുന്നതിൽ മികവ് പുലർത്തുന്ന താരമൊക്കെയാണ്.ഡ്രിബിളിങ്ങും വേഗതയുമുണ്ട്,’ വെസ്റ്റ് വുഡ് പറഞ്ഞു.

എന്നാൽ താരത്തിന്റെ ശ്രദ്ധ അറ്റാക്കിങ്ങിൽ മാത്രമായി ഒതുങ്ങുന്നെന്നും പ്രതിരോധത്തിൽ വിട്ട് വീഴ്ച വരുത്തുന്ന താരം ടീമിന്റെ മൊത്തം പ്രകടനത്തെ പിന്നിലേക്ക് വലിക്കുന്നെന്നുമാണ് വെസ്റ്റ് വുഡ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

അതേസമയം മാർച്ച് ഒമ്പതിന് ബയേണിനെതിരെയാണ് ചാമ്പ്യൻസ് ലീഗിലെ പി.എസ്.ജിയുടെ രണ്ടാം പാദ മത്സരം. ആദ്യ പാദത്തിൽ ഒരു ഗോളിന് പിന്നിലായ പി.എസ്.ജിക്ക് മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ മാത്രമേ തങ്ങളുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണാൻ സാധിക്കുകയുള്ളൂ.

ലീഗ് വണ്ണിൽ നിലവിൽ 26 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളുമായി 63 പോയിന്റാണ് പി.എസ്.ജിയുടെ സമ്പാദ്യം.

 

Content Highlights:PSG are better without Neymar said Ashley Westwood