ശശികലയുടെ വാക്കുകള്‍ സംഘപരിവാറിന് വേദവാക്യമല്ല: പി.എസ് ശ്രീധരന്‍ പിള്ള
Daily News
ശശികലയുടെ വാക്കുകള്‍ സംഘപരിവാറിന് വേദവാക്യമല്ല: പി.എസ് ശ്രീധരന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th December 2016, 9:05 am

ശ്രീധരന്‍ പിളളയുടെ പാര്‍ട്ടിയുടെ നാവായ ശശികലയുടെ നിലപാടിതാണെന്നും ഇതേ ആര്‍.എസ്.എസ് ദേശീയതയുടെ ചട്ടമെടുത്ത് അണിയേണ്ടെന്നുമായിരുന്നു റഹീമിന്റെ വാദം.


തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ വാക്കുകള്‍ വേദവാക്യമായി അംഗീകരിക്കുന്നവരല്ല സംഘപരിവാറുകാരെന്ന് ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിളള. റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ ഈ അഭിപ്രായ പ്രകടനം.

“ശശികല ടീച്ചറ് പറഞ്ഞാല്‍ അതൊക്കെ വേദവാക്യമായി അംഗീകരിക്കുന്ന ആളുകളല്ല സംഘപരിവാറുകാര്‍. അവര്‍ അവരുടെ അഭിപ്രായം പറഞ്ഞു. അതാര്‍ക്കും പറയാമല്ലോ! അനുകൂലവും പ്രതികൂലവും പറയാം. ” ശ്രീധരന്‍ പിള്ള പറഞ്ഞു.

ദേശീയ ഗാനത്തെക്കുറിച്ച് ശശികല ടീച്ചര്‍ നടത്തിയ അഭിപ്രായ പ്രകടനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ശ്രീധരന്‍ പിള്ളയുടെ ഈ പരാമര്‍ശം.

ജനഗണമനയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് ശശികല അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ബ്രിട്ടീഷ് രാജാവ് വന്നപ്പോള്‍ എഴുതിയതാണ്. ബ്രിട്ടീഷ് രാജാവിനുള്ള സ്തുതി ഗീതമാണിത്. അതാണ് ഇപ്പോഴുമിവിടെ പാടിക്കൊണ്ടിരിക്കുന്നത് എന്നും ശശികല അഭിപ്രായപ്പെട്ടിരുന്നു.

ഇക്കാര്യം ചര്‍ച്ചയ്ക്കിടെ ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

ശ്രീധരന്‍ പിളളയുടെ പാര്‍ട്ടിയുടെ നാവായ ശശികലയുടെ നിലപാടിതാണെന്നും ഇതേ ആര്‍.എസ്.എസ് ദേശീയതയുടെ ചട്ടമെടുത്ത് അണിയേണ്ടെന്നുമായിരുന്നു റഹീമിന്റെ വാദം.