ചെന്നൈ: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കന്നയ്യ കുമാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച തമിഴ് ഗായകന്‍ കോവന്‍ ഉള്‍പ്പടെ 57 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച നുങ്കംപക്കത്തെ ശാസ്ത്രിഭവനില്‍ മുന്നില്‍ സമരം ചെയ്ത കോവനുള്‍പ്പടെ 15 പേരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്.
കന്നയ്യയെ വിട്ടയക്കുക, വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എ.ബി.വി.പിയെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോവനും സംഘവും പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. പ്രതിഷേധം ആരംഭിച്ച് 15 മിനുട്ടിനകം കോവനെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മക്കള്‍ കലൈ ഇലകിയ കഴകം, റെവല്യൂഷനറി സ്റ്റുഡന്റ്‌സ് യൂത്ത് ഫ്രണ്ട് (ആര്‍.എസ്.വൈ.എസ്) തുടങ്ങിയ അഞ്ചോളം സംഘടനകളില്‍പ്പെട്ടവരാണ് അറസ്റ്റിലായത്.മുഖ്യമന്ത്രി ജയലളിതയെയും കേന്ദ്ര സര്‍ക്കാറിനെയും വിമര്‍ശിച്ച് പാട്ട് പാടിയതിന്റെ പേരില്‍ കോവനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.