കൊല്ലം: ചടയമംഗലത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് സി.പി.ഐയില്‍ പ്രതിഷേധം ശക്തമാകുന്നു. സി.പി.ഐ മുതിര്‍ന്ന നേതാവായ ചിഞ്ചുറാണിയാണ് ചടയമംഗലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ചിഞ്ചുറാണിയെ മാറ്റി പ്രാദേശിക നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ക്കുന്നവരുടെ പ്രതിഷേധ കണ്‍വെന്‍ഷന്‍ ഞായറാഴ്ച വൈകീട്ട് ചടയമംഗലത്ത് നടക്കും. ഈ കണ്‍വെന്‍ഷനില്‍ വെച്ച് വിമത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍.
പ്രാദേശിക നേതാവായ എ. മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുസ്തഫയെ ഇന്ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ വെച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കാം.
വിമതനീക്കം തടയാനായി പ്രാദേശിക നേതാക്കളുമായും പ്രവര്‍ത്തകരുമായും സി.പി.ഐ. നേതൃത്വം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതേസമയം ചടയമംഗലത്ത് എല്‍.ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് ചിഞ്ചുറാണി പ്രതികരിച്ചു. സി.പി.ഐയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.