ദുരിതാശ്വാസ നിധിക്കെതിരായ പ്രചരണം; പഴയ ചര്‍ച്ചയുടെ വീഡിയോ തെറ്റായി ഉപയോഗിക്കരുതെന്ന് ഹാഷ്മിയും 24ഉം
Kerala News
ദുരിതാശ്വാസ നിധിക്കെതിരായ പ്രചരണം; പഴയ ചര്‍ച്ചയുടെ വീഡിയോ തെറ്റായി ഉപയോഗിക്കരുതെന്ന് ഹാഷ്മിയും 24ഉം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st August 2024, 12:19 pm

തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് വേണ്ടി സഹായം നല്‍കുന്നതിനെതിരെ 24 ന്യൂസിലെ സീനിയര്‍ ജേര്‍ണലിസ്റ്റ് ഹാഷ്മി താജ് ഇബ്രാഹിം മുമ്പ് നടത്തിയ ഒരു പ്രസ്താവന പ്രചരിപ്പിക്കുന്നതിനെതിരെ 24 ന്യൂസ് ടീം.

മറ്റൊരു രാഷ്ട്രീയ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയെ കുറിച്ച് മുമ്പ് നടത്തിയ പ്രസ്താവന ഇന്ന് തെറ്റായി പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് 24 ന്യൂസ് മാനേജിങ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

ഇത്രയും അധികം മനുഷ്യര്‍ ദുരന്തത്തില്‍ മരിച്ച് കണ്‍മുന്നില്‍ കിടക്കുമ്പോള്‍ ഒറ്റക്കെട്ടായി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കേണ്ട സമയത്ത് ഇത്തരം പ്രചരണങ്ങള്‍ നമ്മളെ പിന്തിരിപ്പിക്കാന്‍ കാരണമാകരുതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ വാര്‍ത്താ സംപ്രേക്ഷണത്തിന് ഇടയിലായിരുന്നു വ്യാജ പ്രചരണങ്ങള്‍ക്ക് ഹാഷ്മിയും 24 ന്യൂസും മറുപടി നല്‍കിയത്.

മറ്റൊരു രാഷ്ട്രീയ ചര്‍ച്ചയ്ക്കിടെ ദുരിതാശ്വാസ നിധിയെ കുറച്ച് പറഞ്ഞ കാര്യങ്ങളാണ് വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ ഈ ഘട്ടത്തില്‍ ആ വീഡിയോ ഉപയോ​ഗിക്കരുത്. അത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. അധാര്‍മികമായ പരിപാടിയാണ്. നിലവില്‍ വയനാട്ടിലെ ജനങ്ങളെ സഹായിക്കാനുള്ള ഏക വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തന്നെയാണ്.

അതല്ലാതെ സഹായം നല്‍കുന്നതിന് മറ്റൊരു സംവിധാനം നിലവിലില്ല. മറ്റ് രാഷ്ട്രീയ കാര്യങ്ങള്‍ക്കപ്പുറം നമ്മുടെ സംസ്ഥാനത്തിന്റെതായ ദുരിതാശ്വാസ നിധിയാണ് ഇത്. മറ്റെന്തെങ്കിലും പരാതി അതുമായി ബന്ധപ്പെട്ട് ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇതല്ലെന്നും ഹാഷ്മി ഓര്‍മിപ്പിച്ചു.

ആരുടെ കുറ്റമാണ് ഉരുൾപൊട്ടലെന്ന ചർച്ച മാറ്റിവെച്ച് ദുരന്ത ഭൂമിക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്നും ഹാഷ്മി പറഞ്ഞു.

അതിനിടെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ സർവകക്ഷി യോ​ഗം ആരംഭിച്ചിട്ടുണ്ട്. ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എം.പിയുമായിരുന്ന രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ഇന്ന് ദുരന്തഭൂമി സന്ദർശിക്കും.

ഇതുവരെ 282 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. 240ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. 82 ക്യാമ്പുകളിലായി 8000ത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

Content Highlight: Propaganda against Relief Fund; Hashmi and 24 do not misuse the video of the old discussion