പ്രാഗ്: ചെക്ക് വംശജനായ ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. ചെക്കോസ്ലൊവക്യന്‍ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
1975 മുതല്‍ ഫ്രാന്‍സിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ നിരോധിക്കുകയും 1979ല്‍ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു.
1981ല്‍ മിലന്‍ കുന്ദേരയ്ക്ക് ഫ്രഞ്ച് പൗരത്വം ലഭിച്ചു. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിങ്ങ്, ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.
2019ല്‍ ചെക്കോസ്ലോവാക്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചു നല്‍കിയിരുന്നു. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് ആണ് അവസാനത്തെ കൃതി.
1929ല്‍ ചെക്കോസ്ലൊവാക്യയില്‍ ജനിച്ച കുന്ദേര തന്റെ എഴുത്തിലെ ഉറച്ച രാഷ്ട്രീയ നിലപാടുകള്‍ കാരണം ജന്മനാടിന്റെ ശത്രുതയേറ്റു വാങ്ങിയിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകാലത്തായിരുന്നു രാജ്യം കുന്ദേരയ്ക്ക് പൗരത്വം നിഷേധിച്ചത്. ഭരണകൂടത്തിന് അനഭിമതനായതിനാല്‍ അദ്ദേഹത്തെ പലതവണ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
പാര്‍ട്ടിയിലും ഭരണത്തിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിക്കപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായ പ്രാഗ് വസന്തത്തിന്റെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. ഇതായിരുന്നു പൗരത്വം നിഷേധിച്ചതിന് കാരണമായത്.
ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിങ്, ദ ബുക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഡെറ്റിങ് എന്നീ കൃതികള്‍ കുന്ദേര എഴുതിയത് ഫ്രഞ്ചിലായിരുന്നു. ഇവ രണ്ടും സ്വന്തം രാജ്യത്ത് നിരോധിക്കപ്പെട്ടിരുന്നു. 1988ലാണ് ചെക്ക് ഭാഷയില്‍ അവസാനമായി മിലന്‍ എഴുതിയത്. ഇമ്മോര്‍ട്ടാലിറ്റി എന്ന നോവലായിരുന്നു ഇത്.
‘മറവിക്കെതിരായ ഓര്‍മയുടെ സമരമാണ്… അധികാരത്തിനെതിരായ മനുഷ്യന്റെ ചെറുത്തുനില്‍പ്പ്’ എന്ന് കുന്ദേരയുടെ ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിങ് എന്ന നോവലിലെ വാക്യം, ലോകവ്യാപകമായി സമരവേദികളില്‍ ഇന്നും ഉദ്ധരിക്കപ്പെടുന്ന ഒന്നാണ്.
Content Highlights: prolific writer Milan Kundera passed away