ന്യൂദല്‍ഹി: രാജ്യത്ത് കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗുരുതരമായ ആശങ്കയ്ക്ക് വഴിവെക്കുന്നതാണെന്ന് സുപ്രീം കോടതി.
2021 ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ആക്ടിലെ (NCAHP) വ്യവസ്ഥകള്‍ ഒക്ടോബര്‍ 12നകം നടപ്പിലാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. ആരോഗ്യമേഖലയില്‍ അനിയന്ത്രിതമായി സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.
ഈ വളര്‍ച്ച നിയന്ത്രിക്കാനുള്ള ഒരു ചട്ടക്കൂടാണ് നിയമത്തിലൂടെ ഉദ്ദേശിച്ചതെന്നും എന്നാല്‍ നിയമം പാസാക്കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചിട്ടുണ്ടെന്നും ഇത് തടയാനാണ് നിയമം കൊണ്ടുവന്നതെന്നും കോടതി പറഞ്ഞു.
മെഡിക്കല്‍ ചികിത്സയുടെ അനുബന്ധ, ആരോഗ്യ പരിപാലന മേഖലകളില്‍ കോഴ്സുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്നത് ആശങ്കാജനകമാണെന്നും നിയമം നിലവില്‍ വന്നിട്ടും ഒരു റെഗുലേറ്ററി ബോഡി ഇല്ലാത്തത് ആശങ്കാജനകമാണെന്നും കോടതി പറഞ്ഞു.
‘ഈ സ്ഥാപനങ്ങളുടെ വ്യാപനം ഗൗരവതരമായ വിഷയമാണ്, അത്തരം വ്യാപനം തടയുന്നതിന് വേണ്ടിയുള്ള പാര്‍ലമെന്ററി നിയമനിര്‍മ്മാണമായിരുന്നു വേണ്ടത്. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷവും കേന്ദ്രവും സംസ്ഥാനങ്ങളും അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു,’ കോടതി ചൂണ്ടിക്കാട്ടി.
നിയമം നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുന്നതില്‍ കാലതാമസം വരുത്തിയതാണ് കോടതിയെ ചൊടിപ്പിച്ചത്.
2021 ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ആക്ടുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കകം സംസ്ഥാനങ്ങളുമായി ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തണമെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തോട് കോടതി നിര്‍ദ്ദേശിച്ചു.
2021 മേയില്‍ നിയമം പാസാക്കിയിട്ടും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അത് നടപ്പാക്കിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു.
‘നിയമം 2021 മെയ് 25-ന് പ്രാബല്യത്തില്‍ വന്നു. എന്നാല്‍ അതിലെ ഭൂരിഭാഗം വ്യവസ്ഥകളും നടപ്പിലാക്കിയിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നുണ്ട്. വിഷയത്തില്‍ 2023 സെപ്തംബര്‍ 23-ന് ഈ കോടതി നോട്ടീസ് പുറപ്പെടുവിച്ചു. 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആക്ട് നടപ്പില്‍ വരേണ്ടിയിരുന്നു. എന്നാല്‍ ഇതില്‍ 14 സംസ്ഥാനങ്ങള്‍ മാത്രമാണ് സംസ്ഥാന കൗണ്‍സിലുകള്‍ രൂപീകരിച്ചത്. അതില്‍ തന്നെ പലതും പ്രവര്‍ത്തിക്കുന്നില്ല,’ കോടതി ചൂണ്ടിക്കാട്ടി.
‘ഹരജിയില്‍ കേന്ദ്രം ഒരു കൗണ്ടറും ഫയല്‍ ചെയ്തിട്ടില്ല. ഇപ്പോള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കൗണ്ടര്‍ ഫയല്‍ ചെയ്യുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറയുന്നു. പാര്‍ലമെന്ററി നിയമനിര്‍മ്മാണം നടപ്പാക്കാത്തതില്‍ ഒരു ന്യായീകരണവും ഞങ്ങള്‍ കാണുന്നില്ല,’ കോടതി നിരീക്ഷിച്ചു.
2023 സെപ്റ്റംബറില്‍ ഹരജിയില്‍ നോട്ടീസ് നല്‍കിയെങ്കിലും നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കിയിട്ടില്ലെന്ന വസ്തുത കേന്ദ്രം സമ്മതിച്ചിട്ടില്ല,
വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം സംസ്ഥാന അധികാരികളുമായി ഒരു ഓണ്‍ലൈന്‍ മീറ്റിംഗ് വിളിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തോട് നിര്‍ദേശം നല്‍കുകയാണ്,’ കോടതി പറഞ്ഞു.
‘2024 ഒക്ടോബര്‍ 12-നോ അതിനുമുമ്പോ, നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് & ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സ് ആക്റ്റ്, 2021-ന്റെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കുന്നു. 2 ആഴ്ചയ്ക്കുള്ളില്‍ എല്ലാ സംസ്ഥാന സെക്രട്ടറിമാരുടെയും ഒരു ഓണ്‍ലൈന്‍ മീറ്റിംഗ് വിളിക്കുക. ആരോഗ്യ മന്ത്രാലയങ്ങള്‍ നിയമത്തിന് അനുസൃതമായ ഒരു കരട് രൂപപ്പെടുത്തണം,’ കോടതി ഉത്തരവില്‍ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളും ആരോഗ്യ-ക്ഷേമ സെക്രട്ടറിക്ക് കംപ്ലയിന്‍സ് റിപ്പോര്‍ട്ടുകള്‍ നല്‍കണമെന്നും ഈ റിപ്പോര്‍ട്ടുകള്‍ സമാഹരിച്ച് അടുത്ത ഹിയറിംഗിന് മുമ്പ് കോടതിയില്‍ ഹാജരാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര മന്ത്രാലയത്തിനായിരിക്കുമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നിര്‍ബന്ധിത നടപടികളിലേക്ക് കോടതിക്ക് കടക്കേണ്ടി വരുമെന്നും ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ആക്ട് നടപ്പിലാക്കാത്തതിനാല്‍ നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കുകയാണെന്നും ഇവര്‍ക്ക് ഇപ്പോഴും ഇവിടെ സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടെന്നും ആരോപിച്ചായിരുന്നു ഹരജി.
വിവിധ അനുബന്ധ ഹെല്‍ത്ത് കെയര്‍ പ്രൊഫഷനുകളിലേക്കുള്ള എന്‍ട്രി ലെവല്‍ തസ്തികകള്‍ക്ക് ആവശ്യമായ പ്രൊഫഷണല്‍ യോഗ്യതകള്‍ ഇല്ലെന്നും ഇത് ഏകീകരിക്കപ്പെട്ടില്ലെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. മാത്രമല്ല വിവിധ അനുബന്ധ ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ആര്‍ക്കും വ്യക്തതയില്ല. ഇത് രാജ്യത്തുടനീളമുള്ള ആരോഗ്യ സേവനങ്ങളെ ഗുരുതരമായി അപകടത്തിലാക്കുകയാണ് ചെയ്യുന്നതെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
നിലവിലെ ഹരജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജി കോടതിയോട് കുറച്ചുകൂടി സമയം തേടിയിരുന്നു.
എന്നാല്‍ 2023 സെപ്റ്റംബറില്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടും നിങ്ങള്‍ ഇതുവരെ എന്താണ് ചെയ്തതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. നിയമത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ തങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട അവസ്ഥയായെന്നും കോടതി പറഞ്ഞു.
ജോയിന്റ് ഫോറം ഓഫ് മെഡിക്കല്‍ ടെക്‌നോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ ആണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. 2021 മെയ് 25-ന് NCAHP നിയമം നിലവില്‍ വന്നെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ വ്യവസ്ഥകള്‍ നടപ്പിലാക്കിയിട്ടില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
സമയക്രമം അനുസരിച്ച് ആറ് മാസത്തിനകം സംസ്ഥാന കൗണ്‍സിലുകള്‍ രൂപീകരിക്കേണ്ടതായിരുന്നുവെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് നടപ്പിലാക്കുന്നതിനുള്ള സമയപരിധി ആവര്‍ത്തിച്ച് നീട്ടിയെന്നും അതിനാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഇപ്പോഴും നടപ്പില്‍ വന്നിട്ടില്ലെന്നും ഹരജിയില്‍ പറഞ്ഞു.