സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ അരാഷ്ട്രീയ ആൾക്കൂട്ടം; കർശന നടപടി സ്വീകരിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം
Kerala News
സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ അരാഷ്ട്രീയ ആൾക്കൂട്ടം; കർശന നടപടി സ്വീകരിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd March 2024, 3:40 pm

കോഴിക്കോട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിന് കാരണമായവരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം.

സംസ്ഥാനത്തെ ക്യാമ്പസുകളിൽ വളർന്നുകൊണ്ടിരിക്കുന്ന അരാഷ്ട്രീയമായ ആൾക്കൂട്ട പ്രവണതകളാണ് ഇത്തരമൊരു അത്യാഹിതത്തിലേക്ക് നയിച്ചതെന്ന് കരുതുന്നുവെന്ന് പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന കമ്മിറ്റി നേതൃത്വം പറഞ്ഞു.

വെറ്റിനറി സർവകലാശാല ക്യാമ്പസിൽ രാഷ്ട്രീയ-സംഘടനാ വ്യത്യാസമില്ലാതെ സഹപാഠികൾ ഒത്തുചേർന്ന് ഒരാളെ കുറ്റവിചാരണ നടത്തുകയും ശിക്ഷിക്കുകയും ചെയ്തിരിക്കുകയാണെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇത്തരം പ്രവണതകൾ അനുവദിക്കരുതെന്നും കൂടെ ജീവിക്കുന്നവരോട് ക്രിമിനൽ സ്വഭാവത്തോടെ പെരുമാറുന്നവർ ഭാവിയെ
ക്കുറിച്ച് വലിയ ഉൽക്കണ്ഠ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്യാമ്പസുകൾ ഉന്നതമായ മനുഷ്യസ്നേഹത്തിൻ്റെ ഇടങ്ങളായി നിലനിൽക്കണമെന്നും അതിനുള്ള വഴിയെന്ന് പറയുന്നത് സാഹിത്യവും കലയും സംവാദവുമാണെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു.

ക്യാമ്പസുകളിലെ അരാജകത്വവും ക്രിമിനലിസവും അവസാനിപ്പിക്കാൻ കോളേജ് അധികൃതരും സർവകലാശാലകളും സർക്കാരും സമൂഹവും മുൻകൈയെടുക്കണമെന്നും പുരോഗമന കലാസാഹിത്യസംഘം ആവശ്യപ്പെട്ടു.

നിലവിൽ സർവകലാശാല വി.സിയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. വി.സിയായ ഡോ.എം.ആർ. ശശീന്ദ്രനാഥിനെയാണ് സസ്‌പെൻഡ് ചെയ്തത്. വെള്ളിയാഴ്ച ഗവർണർ സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ചിരുന്നു. കുറ്റക്കാർക്കെതിരെ ചാൻസലർ എന്ന നിലയിൽ തന്റെ അധികാരം ഉപയോഗിച്ചു കൊണ്ടുള്ള ഇടപെടലുകൾ ഉണ്ടാകുമെന്ന് ഗവർണർ ജയപ്രകാശിന് ഉറപ്പ് നൽകിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു വി.സിയായ ഡോ.എം.ആർ. ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തത്. വി.സിയെന്ന നിലയിലെ അധികാരങ്ങൾ ഉപയോഗിക്കുന്നതിൽ ശശീന്ദ്രനാഥ് പരാജയപ്പെട്ടുവെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്.

എന്നാൽ ഗവർണറുടെ നടപടി സ്വീകാര്യമല്ലെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഗവർണറുടെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോവാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് വി.സി പ്രതികരിക്കുകയും ചെയ്തു.

Content Highlight: Progressive Kala Sahitya Sangh says should take strict action against those responsible for Siddharth’s death