തിരുവനന്തപുരം: കെ.പി.സി.സി വിലക്ക് മറികടന്ന് ഫലസ്തീന്‍ അനുകൂല റാലി നടത്തിയതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട ആര്യാടന്‍ ഷൗക്കത്തിരെയുള്ള നടപടി അച്ചടക്ക സമിതി എട്ടാം തിയ്യതിയിലേക്ക് നീട്ടിവെച്ചു. ആര്യാടന്‍ ഷൗക്കത്തിന് പറയാനുള്ള കാര്യങ്ങള്‍ അച്ചടക്ക സമിതി കേട്ടിട്ടുണ്ടെന്നും കൂടുതല്‍ വിശദീകരണങ്ങള്‍ അടുത്ത അച്ചടക്ക സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളുമായി വിശകലനം നടത്തി തീരുമാനിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെയും മലപ്പുറം കമ്മിറ്റിയിലെ അംഗങ്ങളുടെയും വിശദീകരണം കേള്‍ക്കേണ്ടത് പ്രധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നിലപാടുകളില്‍ അവര്‍ വെള്ളം വെറുതെ വാങ്ങിവെക്കുകയുള്ളൂ എന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു.
പാര്‍ട്ടിയുടെ എതിര്‍പ്പ് മറികടന്ന് ഫലസ്തീന്‍ അനുകൂല റാലി സംഘടിപ്പിച്ചതിന് ആര്യാടന്‍ ഷൗക്കത്തിനെതിരെ കെ.പി.സി.സി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കെ.പി.സി.സിയുടെ അച്ചടക്ക സമിതി തീരുമാനം എടുക്കുന്നത് വരെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു.
മലപ്പുറത്ത് ആര്യാടന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്നത് ഫലസ്തീന് വേണ്ടി മാത്രമുള്ള പരിപാടിയാണെന്നും പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കുകയെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും ഷൗക്കത്ത് പറഞ്ഞിരുന്നു. ഫൗണ്ടേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രമുഖനേതാക്കളെയടക്കം ക്ഷണിച്ച പരിപാടി തലേദിവസം നല്‍കിയ കത്തിന്റെ പേരില്‍ മാറ്റിവെക്കാന്‍ പറ്റുന്നതല്ലായിരുന്നെന്നും ഷൗക്കത്ത് പ്രതികരിച്ചിരുന്നു.
Content Highlight: Proceedings against Aaryadan Shoukath were adjourned to date of eight