വാഷിങ്ടണ്‍: ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്കില്‍ ഫലസ്തീന്‍ അനുകൂലികളുടെ ഐക്യദാര്‍ഢ്യ റാലി. ന്യൂയോര്‍ക്ക് നഗരത്തിലെ മൂന്ന് പ്രധാന പാലങ്ങളും ഒരു തുരങ്ക കവാടവും ഉപരോധിച്ചുകൊണ്ടായിരുന്നു ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം.
പ്രതിഷേധത്തെ തുടര്‍ന്ന് ഹോളണ്ട് ടണലിനൊപ്പം നഗരത്തിലെ ബ്രൂക്ലിന്‍, മാന്‍ഹട്ടന്‍, വില്യംസ്ബര്‍ഗ് അടക്കമുള്ള പാലങ്ങള്‍ മണിക്കൂറുകളോളം അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ അനുകൂലികള്‍ ഉപരോധിച്ച പ്രദേശങ്ങള്‍ വ്യാപാര കേന്ദ്രമായ ലോവര്‍ മാന്‍ഹട്ടനിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രധാന പ്രവേശന കേന്ദ്രങ്ങളാണ്.
ഇന്ന് ഇവിടെ കച്ചവടം നടക്കുകയില്ലെന്ന് ആക്രോശിച്ചുകൊണ്ടാണ് ഫലസ്തീന്‍ അനുകൂലികള്‍ പ്രധാന വ്യാപാര പാതകളില്‍ പ്രതിഷേധം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക, ഫലസ്തീനിയന്‍ യൂത്ത് മൂവ്മെന്റ്, ന്യൂയോര്‍ക്ക് സിറ്റി ഫോര്‍ പീസ്, ന്യൂയോര്‍ക്ക് സിറ്റി ചാപ്റ്റര്‍ അടക്കമുള്ള സംഘടനകളിലെ അംഗങ്ങളും ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തെ എതിര്‍ക്കുന്ന എഴുത്തുക്കാരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, ഇസ്രഈലിന്റെ അധിനിവേശം അവസാനിപ്പിക്കുക, എല്ലാ ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുക തുടങ്ങിയവയാണ് അനുകൂലികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
കഴിഞ്ഞ ദിവസം അധിനിവേശ നഗരങ്ങളില്‍ നിന്ന് ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെ അമേരിക്ക ശക്തമായി എതിര്‍ക്കുന്നുമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയ്ക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഉറപ്പ് നല്‍കിയിരുന്നു. ജോര്‍ദാന്‍ രാജാവും ആന്റണി ബ്ലിങ്കെനും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു ഈ ഉറപ്പുനല്‍കല്‍.