ന്യൂദല്‍ഹി: ബി.ജെ.പിയുമായി നേരിട്ട് തെരഞ്ഞെടുപ്പ് പോരാട്ടമുള്ള സംസ്ഥാനങ്ങളിലൊന്നും പ്രചാരണത്തിന് പോകാതെ രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സമയം പോക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
‘പ്രിയങ്ക വെറുതെ സമയം കളയുകയാണ്. രാജസ്ഥാനിലോ മധ്യപ്രദേശിലോ അവര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോവാത്തതെന്താണ് ? ഉത്തര്‍പ്രദേശില്‍ എസ്.പിയ്ക്കും ബി.എസ്.പിയ്ക്കുമെതിരെയാണ് അവര്‍ പ്രചരണം നടത്തുന്നത്. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരെയും. ഈ സഹോദരിയും സഹോദരനും ബി.ജെ.പിയുമായി നേരിട്ട് പോരാട്ടമുള്ള സ്ഥലത്തൊന്നും പ്രചരണത്തിന് പോകുന്നില്ല’ കെജ്‌രിവാള്‍ പറഞ്ഞു.
ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലി നടക്കാനിരിക്കെയാണ് കെജ്‌രിവാളിന്റെ വിമര്‍ശനം.
നേരത്തെ ദല്‍ഹിയില്‍ എ.എ.പി-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസാണ് സഖ്യത്തിന് തടസ്സം നില്‍ക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലേക്ക് കൂടി സഖ്യം വ്യാപിപ്പിക്കണമെന്ന കെജ്‌രിവാളിന്റെ കടുംപിടുത്തമാണ് ചര്‍ച്ചകള്‍ പൊളിയാന്‍ കാരണമെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
ദല്‍ഹിയില്‍ സഖ്യത്തിന് താന്‍ തയ്യാറായിരുന്നുവെന്നും കെജ്‌രിവാളാണ് ഇടയ്ക്ക് ഗോള്‍പോസ്റ്റ് മാറ്റിക്കൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ഗാന്ധിയും പ്രതികരിച്ചിരുന്നു.
2014 തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബി.ജെ.പിയായിരുന്നു ജയിച്ചിരുന്നത്.