ദല്‍ഹി തെരഞ്ഞെടുപ്പ് തോല്‍വി ബാധിക്കാതെ പ്രിയങ്ക ഗാന്ധി; പൗരത്വ നിയമത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന സമരപന്തലിലെത്തി
national news
ദല്‍ഹി തെരഞ്ഞെടുപ്പ് തോല്‍വി ബാധിക്കാതെ പ്രിയങ്ക ഗാന്ധി; പൗരത്വ നിയമത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന സമരപന്തലിലെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th February 2020, 6:18 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്‍തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ തവണത്തെ പ്രകടനത്തില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാനാവാതെ സംപൂജ്യരായി തന്നെ തുടരുകയാണ് തലസ്ഥാന നഗരിയിലെ കോണ്‍ഗ്രസ്. പക്ഷെ ദല്‍ഹി തെരഞ്ഞെടുപ്പ് തോല്‍വി ബാധിച്ചിട്ടില്ലെന്ന വിധത്തിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ അഭിസംബോധന ചെയ്തത്.

അസംഗറില്‍ പൗരത്വ നിയമത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന സമരപന്തലില്‍ ബുധനാഴ്ച പ്രിയങ്ക ഗാന്ധിയെത്തി. സമരപന്തലിന് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പേയാണ് പ്രിയങ്ക ഗാന്ധിയെത്തിയത്.

പ്രിയങ്കക്ക് മികച്ച സ്വീകരണമാണ് സ്ത്രീകള്‍ നല്‍കിയത്. ഉത്തര്‍പ്രദേശ് പൊലീസ് തങ്ങളോട് നടത്തിയ മോശം പെരുമാറ്റത്തെ കുറിച്ച് പ്രിയങ്കയോട് അവര്‍ പറഞ്ഞു. രാത്രി ധര്‍ണ നടക്കുന്ന പാര്‍ക്കിലേക്ക് പൊലീസ് കടന്നുവരികയും പന്തലില്‍ നിന്ന് പോവാന്‍ ആവശ്യപ്പെട്ട് ക്രൂരമായ ആക്രമണമാണ് നടത്തിയതെന്നും അവര്‍ പറഞ്ഞു.

യോഗി സര്‍ക്കാര്‍ നിരപരാധികളെ അടിച്ചമര്‍ത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രക്ഷോഭകാരികളെ പൊലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കുകയാണ്. നമ്മള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്തുകയും നീതി ഉറപ്പുവരുത്തുകയും വേണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ദല്‍ഹി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തെ കുറിച്ച് പ്രതികരിക്കാന്‍ പ്രിയങ്ക ഗാന്ധി തയ്യാറായില്ല. പൗരത്വ നിയമമോ എന്‍.ആര്‍.സിയോ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.