ന്യൂദല്‍ഹി: തന്റെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം സര്‍ക്കാരിന്റെ അഡ്വാന്‍സ്ഡ് സൈബര്‍ ക്രൈം യൂണിറ്റ് അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്.
പ്രിയങ്ക ഗാന്ധി ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെങ്കിലും
ആരോപണം സ്വന്തം നിലയില്‍ അന്വേഷിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരായി തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രം നടത്തുന്ന റെയ്ഡുകളെക്കുറിച്ചും നിയമവിരുദ്ധമായ ഫോണ്‍ നിരീക്ഷണത്തെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും എന്താണ് അഭിപ്രായം എന്ന ചോദ്യത്തിനാണ് സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ തന്റെ കുട്ടികളെ വേട്ടയാടുകയാണെന്ന് പ്രിയങ്ക ആരോപിച്ചത്.
”ഫോണ്‍ ചോര്‍ത്തല്‍ പോട്ടെ, എന്റെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പോലും അവര്‍ ഹാക്ക് ചെയ്യുന്നു. അവര്‍ക്ക് വേറെ പണിയൊന്നുമില്ലേ?” എന്നാണ് പ്രിയങ്ക പറഞ്ഞത്.
ഇതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തെ കുറിച്ച് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അന്വേഷണം നടത്താനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.