ലഖ്‌നൗ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ കോണ്‍ഗ്രസ് വിമത എം.എല്‍.എ അദിതി സിംഗ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെ പ്രിയങ്ക രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്നാണ് അദിതി പറയുന്നത്.
‘കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നപ്പോള്‍ പ്രിയങ്ക ഗാന്ധിയ്ക്ക് പ്രശ്‌നമായിരുന്നു. കാര്‍ഷിക നിയമം പിന്‍വലിച്ചപ്പോഴും പ്രിയങ്കയ്ക്ക് പ്രശ്‌നം. എന്താണ് അവര്‍ക്ക് (പ്രിയങ്ക) ശരിക്കും വേണ്ടത്?,’ അദിതി ചോദിച്ചു.
പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ മാത്രമാണ് പ്രിയങ്ക ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
‘ലഖിംപൂര്‍ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. സുപ്രീം കോടതിയും അത് പരിഗണിക്കുന്നുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെ പ്രിയങ്കയ്ക്ക വിശ്വാസമില്ലെങ്കില്‍ ആരെയാണ് വിശ്വസിക്കുക എന്ന് എനിക്ക് മനസിലാകുന്നില്ല,’ അദിതി പറഞ്ഞു.
റായ്ബറേലിയില്‍ നിന്നുള്ള എം.എല്‍.എയായ അദിതി ഗാന്ധി കുടുംബത്തിനെതിരെ നേരത്തെയും രംഗത്തെത്തിയിരുന്നു. പ്രിയങ്കയെ നേരത്തെ വിമര്‍ശിച്ചതിന് പാര്‍ട്ടി അദിതിയോട് വിശദീകരണം തേടിയിരുന്നു.
2019 ല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തും അവര്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ സമയം കിട്ടുമ്പോഴൊക്കെ പുകഴ്ത്താനും അദിതി മടി കാണിക്കാറില്ല.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഞ്ച് തവണ റായ്ബറേലി എം.എല്‍.എയുമായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് അദിതി സിംഗ്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അഖിലേഷ്.