'നിക്ക് ജൊനാസിന്റെ ഭാര്യ' എന്ന അഭിസംബോധന; സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് വാര്‍ത്താ ഏജന്‍സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക
ന്യൂദല്‍ഹി: തന്റെ പേര് നല്‍കാതെ ‘ നിക്ക് ജൊനാസിന്റെ ഭാര്യ’ എന്ന് അഭിസംബോധന ചെയ്ത് വാര്‍ത്ത നല്‍കിയ വാര്‍ത്താ ഏജന്‍സിക്കെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.
പ്രസ്തുത വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രിയങ്ക രംഗത്തെത്തിയത്.
എന്തുകൊണ്ടാണ് ഇപ്പോഴും സ്ത്രീകള്‍ ഈയൊരു അവസ്ഥ നേരിടേണ്ടി വരുന്നതെന്ന് ദയവായി വിശദീകരിക്കണമെന്നും തന്റെ IMDB ലിങ്ക് കൂടി ഇനി തന്റെ ബയോയില്‍ ചേര്‍ക്കണോയെന്നും പ്രിയങ്ക ചോദിച്ചു. പോസ്റ്റില്‍ ഭര്‍ത്താവ് നിക്ക് ജൊനാസിനെയും താരം ടാഗ് ചെയ്തിട്ടുണ്ട്.
എക്കാലത്തെയും മികച്ച ഫിലിം ഫ്രാഞ്ചൈസികളിലൊന്നിനെ പ്രൊമോട്ട് ചെയ്യുന്ന എന്നെ പോലും ‘ഇന്നയാളുടെ ഭാര്യ’ എന്ന് അഭിസംബോധന ചെയ്യുന്നത് ഏറ്റവും രസകരമായി തോന്നിയതെന്നും താരം പരിഹസിച്ചു.
ബോളിവുഡ് കടന്ന് ഹോളിവുഡും കീഴടക്കിയ പ്രിയങ്ക ലോകപ്രശസ്ത സിനിമ സീരിസായ മെട്രികസ് റിസറക്ഷന്‍സിന്റെ ഭാഗമായിരുന്നു. ഈ ആഴ്ച മുഴുവന്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലായിരുന്നു താരം. ഇതിനൊപ്പം തന്നെ നിക്കിനെ കുറിച്ച് നിരവധി പ്ലാറ്റ്‌ഫോമുകളില്‍ താരം സംസാരിക്കുകയും ചെയ്തിരുന്നു.
അടുത്തിടെ നടന്ന ജാഡ പിങ്കറ്റ് സ്മിത്തിന്റെ റെഡ് ടേബിള്‍ ടോക്കിന്റെ നൂറാം എപ്പിസോഡില്‍, താന്‍ മെട്രിക്സിന്റെ ഭാഗമായത് ആവേശത്തോടെയാണ് ഭര്‍ത്താവ് നിക് ജൊനാസ് സ്വീകരിച്ചതെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. താന്‍ സിനിമയുടെ ഭാഗമാകുന്നതിനെക്കുറിച്ച് അദ്ദേഹം ആവേശത്തോടെ തന്റെ ആരാധകരോട് വീമ്പിളക്കിയതായും പ്രിയങ്ക കൂട്ടിച്ചേര്‍ത്തിരുന്നു.
‘നിക് മെട്രിക്സിന്റെ ഒരു വലിയ ആരാധകനാണ്. ഞാന്‍ സിനിമയുടെ ഭാഗമായെന്ന് അറിഞ്ഞപ്പോള്‍ നികിന് വളരെ സന്തോഷമായിരുന്നു. ഞാന്‍ ഈ സിനിമയുടെ ഭാഗമാണെന്ന് നിക്ക് സുഹൃത്തുക്കളോട് വീമ്പിളക്കി കാണും.’ എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.
ഒപ്പം ചിത്രീകരണത്തിനിടയില്‍ തനിക്കുണ്ടായ പരിഭ്രാന്തിയും പ്രിയങ്ക പങ്കുവെച്ചിരുന്നു. ‘ബെര്‍ലിനില്‍ ആ ഒരു സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ ശരിക്കും പരിഭ്രാന്തയായി. നിങ്ങളെല്ലാവരും എനിക്ക് എതിര്‍വശത്ത് നില്‍ക്കുകയായിരുന്നു. എന്റെ കൈകള്‍ വിയര്‍ക്കുന്നത് ഞാന്‍ ഓര്‍ക്കുന്നു.
നിങ്ങളുടെ എല്ലാം മുന്‍പില്‍ വെച്ച് എന്റെ ഡയലോഗ് ഞാന്‍ പറഞ്ഞില്ലെങ്കില്‍ 16 വയസുള്ള ആ പഴയ പ്രിയങ്ക എന്നോട് ക്ഷമിക്കില്ല,’ എന്നായിരുന്നു സഹതാരങ്ങള്‍ക്കൊപ്പം പങ്കെടുത്ത പരിപാടിയില്‍ പ്രിയങ്ക പറഞ്ഞത്. പ്രിയങ്കക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു ആദ്യ മെട്രിക്സ് സിനിമ പുറത്ത് വന്നത്.
ജൊനാഥന്‍ ഗ്രോഫ്, നീല്‍ പാട്രിക് ഹാരിസ്, യഹ്യ അബ്ദുള്‍ മതീന്‍ കക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെട്രിക്സ് റിസറക്ഷന്‍സ് ഡിസംബര്‍ 22 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Priyanka Chopra lashes out after being referenced as ‘Wife of Nick Jonas’ and not by her name