FB Notification
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് കുഞ്ഞാലി മൂന്നാമന്റെ ചരിത്രമോ ? ; ചര്‍ച്ചയായി ആരാധകന്റെ കുറിപ്പ്
അറബിക്കടലിന്റെ സിംഹം എന്ന് സാമൂതിരി ചരിത്രത്തില്‍ വിശേഷിപ്പിച്ചതും ഔദ്യോഗിക പദവി നല്‍കിയതും രാജ്യത്തിന്റെ സംരക്ഷണത്തിനായി മരയ്ക്കാര്‍ കോട്ട നിര്‍മ്മിച്ചതും പട മരയ്ക്കാര്‍ എന്ന കുഞ്ഞാലി മൂന്നാമന്റെ കാലത്തായിരുന്നു.
മരയ്ക്കാര്‍ വംശത്തിന്റെ ചരിത്രം ചുരുക്കി പറഞ്ഞാല്‍ കോഴിക്കോട് സാമൂതിരി രാജ്യത്തിന്റെ കപ്പല്‍ പടയുടെ നാവിക സേനാപതി കുടുംബം എന്ന് പറയാം.
സാമൂതിരി രാജ്യത്തെ അധിനിവേശക്കാരില്‍ നിന്നും പ്രധാനമായി പോര്‍ച്ചുഗീസുകാരില്‍ നിന്ന് സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം മരയ്ക്കാര്‍ വംശത്തിന്റേതായിരുന്നു.കേള്‍ക്കുമ്പോള്‍ ചെറിയൊരു പ്രാദേശിക സംഭവമായി തോന്നാമെങ്കിലും ലോക ചരിത്രത്തില്‍ തന്നെ മരയ്ക്കാര്‍ യുദ്ധം പ്രശസ്തമാണ്.
ചെറിയ പുള്ളികള്‍ അല്ലായിരുന്നു എന്ന് സാരം.
പോര്‍ച്ചുഗീസുകാരെ കടലിലും കരയിലും നിര്‍ത്താതെ തുരത്തിയ മരയ്ക്കാര്‍ ചരിതങ്ങള്‍ കുറവല്ലായിരുന്നു. അതും 1500 കാലഘട്ടത്തില്‍ അത്രയ്ക്ക് ഐതിഹാസികമായതും എന്നാല്‍ അത്ര തന്നെ ആധുനികതയില്‍ ഊന്നിയതുമായൊരു യുദ്ധ രീതിയായിരുന്നു മരയ്ക്കാര്‍ വംശം സ്വീകരിച്ചിരുന്നത്.
ചരിത്രത്തിലെ പ്രധാന മരയ്ക്കാര്‍ മേധാവികള്‍
മുഹമ്മദ് കുഞ്ഞാലി മരയ്ക്കാര്‍ (കുട്ടിആലി)- (1ാം മരക്കാര്‍)
കുഞ്ഞാലി മരക്കാര്‍ – (2ാം മരക്കാര്‍)
പട്ടു കുഞ്ഞാലി (പടമരക്കാര്‍) ( 3ാം മരക്കാര്‍)
മുഹമ്മദാലി കുഞ്ഞാലി – (4ാം മരക്കാര്‍)
ഇതില്‍ തന്നെ പട്ടു മരയ്ക്കാര്‍ അഥവാ പട മരയ്ക്കാര്‍ എന്നറിയപ്പെട്ടിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമന്റെ കഥയാകാം പ്രിയന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ സിനിമയായി പറയാന്‍ പോകുന്നത്.
മരയ്ക്കാര്‍ പരമ്പരയില്‍ തന്നെ ഏറ്റവും കേമനും നേതൃവീര്യമുള്ളവനും പോര്‍ച്ചുഗീസുകാര്‍തിരെ ഒരു യുദ്ധം പോലും തോല്‍ക്കാത്തയാളുമായിരുന്നു പട മരയ്ക്കാര്‍.
മരയ്ക്കാര്‍ വംശത്തില്‍ സ്വാഭാവിക മരണം വരിച്ചതും സാമൂതിരിയുമായി ഏറ്റവും കൂടുതല്‍ വൈകാരിക ബന്ധം പുലര്‍ത്തിയിരുന്നതും മൂന്നാം മരയ്ക്കാര്‍ ആയിരുന്നു.
അറബിക്കടലിന്റെ സിംഹം എന്ന് സാമൂതിരി ചരിത്രത്തില്‍ വിശേഷിപ്പിച്ചതും ഔദ്യോഗിക പദവി നല്‍കിയതും രാജ്യത്തിന്റെ സംരക്ഷണത്തിനായി മരയ്ക്കാര്‍ കോട്ട നിര്‍മ്മിച്ചതും പട മരയ്ക്കാര്‍ എന്ന കുഞ്ഞാലി മൂന്നാമന്റെ കാലത്തായിരുന്നു.
‘1560ളിലെ ഭഡ്ക്കല്‍ യുദ്ധം,67 ലെ ചാലിയം യുദ്ധം,68 ലെ മങ്കറൗത്ത് യുദ്ധം, കായല്‍പട്ടണം യുദ്ധം എന്നിവയിലൊക്കെ കുഞ്ഞാലി രണ്ടാമനോടൊപ്പം ചേര്‍ന്ന് പോര്‍ച്ചുഗീസിന് മേല്‍ വെന്നിക്കൊടി നാട്ടി. കുഞ്ഞാലി രണ്ടാമന്റെ വീരമൃതുവിനെ തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ ചാലിയം കോട്ട കീഴടക്കലിലൂടെ കുഞ്ഞാലി മൂന്നാമനായി പട്ടു മരയ്ക്കാര്‍ അവരോധിക്കപ്പെട്ടു.
ചാലിയം വിജയം ലോക ചരിത്രത്തില്‍ തന്നെ പറങ്കികള്‍ക്ക് ഏറ്റ വലിയ ആഘാതങ്ങളില്‍ ഒന്നായിരുന്നു. കോഴിക്കോടിന്റെ എല്ലാ അതിരിലും അതെ തുടര്‍ന്ന് മരയ്ക്കാര്‍ കോട്ടയുടെ നേതൃത്വത്തില്‍ കാവലുണ്ടായിരുന്നു. പറങ്കി സൈന്യത്തിനും കപ്പലുകള്‍ക്കും മരയ്ക്കാര്‍ പടയെ കടന്ന് കോഴിക്കോട് അടുക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായി…
യുദ്ധ മുറകളിലും രീതികളിലും ഉദ്ദേശിക്കുന്നതിലും മുകളിലായിരുന്നു പട മരയ്ക്കാര്‍ സൈന്യം.നയിച്ച യുദ്ധങ്ങള്‍ മുഴുവന്‍ ജയിച്ച പാരമ്പര്യമായിരുന്നു പട്ടു മരയ്ക്കാറിന്റെത്. പൗലെ ഡലിമ, ഡന്‍മസ്, ലൂയി ഡെമല്ലോ തുടങ്ങിയ കേളികേട്ട പോര്‍ച്ചുഗീസ് സൈന്യാധിപന്മാര്‍ മുഴുവനും കുഞ്ഞാലി മൂന്നാമനാല്‍ പരാജയം രുചിച്ചവരാണ്. ബലവത്തായ കോട്ട സ്ഥാപിച്ചു കൊണ്ടായിരുന്നു അധികാര അവരോഹണത്തിന്റെ തുടക്കം.
പൊന്നാനി , കോഴിക്കോട്, വെട്ടത്ത്‌നാട് (താനൂര്‍), പന്തലായനി തുടങ്ങിയിവടങ്ങളിലെ നാവിക കേന്ദ്രങ്ങളും പട്ടു മരയ്ക്കാര്‍ പരിഷ്‌കരിച്ചു. നാവിക ആസ്ഥാനം കോഴിക്കോടില്‍ നിന്നും പുതുപ്പണത്തേക്ക് മാറ്റി. നാവികസേനയെ അടിമുടി നവീകരിച്ചു കൊണ്ട് സമുദ്രത്തില്‍ ശക്തമായ ആധിപത്യം സ്ഥാപിച്ചു.
മരയ്ക്കാര്‍ സേനയെ അത്യാധുനികവത്കരിച്ച പടനായകനാണ് പട്ടു മരയ്ക്കാര്‍.തന്റെ സേന ലോകത്തിലെ ഏറ്റവും മികച്ച പോരാട്ട സംഘമാകണമെന്ന അത്യുത്കൃഷ്ടമായ ആഗ്രഹം കുഞ്ഞാലി മൂന്നാമന്‍ വെച്ച് പുലര്‍ത്തിയിരുന്നു. വിദേശത്ത് നിന്നുള്ള വിദഗ്ദ്ധരുടെ രൂപകല്‍പ്പനയില്‍ ഓട്ടോമന്‍, മിസ്ര്‍, യൂറോപ്യന്‍ മാതൃകയില്‍ നിരവധി പുതു പടക്കപ്പലുകളുടെ നിര്‍മ്മാണം നടത്തി. ലോകോത്തര നിലവാരത്തിലുള്ള ആയുധങ്ങള്‍ നിര്‍മ്മിച്ചെടുത്തു.
ജര്‍മനിയില്‍ നിന്നുള്ള വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഭീമാകാരമായ തോക്കുകളും, പീരങ്കികളും ഉണ്ടാക്കി. കപ്പല്‍-ആയുധ നിര്‍മ്മതികള്‍ക്കായി പുതിയ സൈനിക സംഘം ഉണ്ടാക്കി. വിദേശ സൈനിക വിദഗ്ദ്ധരുടെ കീഴില്‍ അവര്‍ക്ക് പരിശീലനമേകി. മരയ്ക്കാര്‍ സേനയ്ക്ക് നവീന കടല്‍ യുദ്ധമുറകളിലും, ആയുധങ്ങളിലും പരിശീലനം നല്‍കി ലോകത്തെ ഏറ്റവും മികച്ച സൈന്യങ്ങളിലൊന്നായി അവരെ മാറ്റിയെടുത്തു.
കുഞ്ഞാലിയുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചു കൊണ്ടിരുന്ന പോര്‍ച്ചുഗീസ് സൈന്യം കൂടുതല്‍ ജാഗരൂകരായി. തങ്ങളുടെ ആധിപത്യത്തിന് തടസ്സമായി നില്‍ക്കുന്നവരെ തകര്‍ക്കാന്‍ എന്തുവഴിയും സ്വീകരിക്കുന്നവരായിരുന്നു പോര്‍ച്ചുഗീസുകാര്‍.
മരയ്ക്കാര്‍ പട അറബി കടലില്‍ നേടുന്ന മേല്‍ക്കോയ്മ തകര്‍ക്കാന്‍ ഏതറ്റം വരെയും പോകുന്ന സ്വഭാവമായിരുന്നു അതേവരേയ്ക്കും പറങ്കികള്‍ പ്രകടിപ്പിച്ചിരുന്നത്. കുഞ്ഞാലി മൂന്നാമന്റെ കാലത്തും അതിനു മാറ്റം സംഭവിച്ചില്ല.
1575-ല്‍ ഇരുപത്താറു പടക്കപ്പലുകളിലായി ‘ജോഒ ദകോസ്റ്റ’ കോഴിക്കോട് രാജ്യം ആക്രമിച്ചു. മരയ്ക്കാര്‍ സൈനിക സാന്നിധ്യമില്ലാതിരുന്ന നീലേശ്വരം, ബാര്‍ബുറങ്ങാട് (പരപ്പനങ്ങാടി),കാപ്പാട് എന്നീ പ്രദേശങ്ങള്‍ ആക്രമിച്ചു അഗ്‌നിക്കിരയാക്കി നിരവധി കപ്പലുകള്‍ പിടിച്ചെടുത്തു.
കൊച്ചിയില്‍ നിന്ന് വന്ന പറങ്കി പട കോഴിക്കോടിന്റെ കപ്പലുകള്‍ ആക്രമിച്ചു ചരക്കുകള്‍ കവര്‍ന്നെടുത്തു.
പ്രതികാരമെന്നോണം അരിയും പഞ്ചസാരയും വഹിച്ചു യാത്ര ചെയ്തു കൊണ്ടിരുന്ന ഭീമാകാരമായ പോര്‍ച്ചുഗീസ് കപ്പല്‍ പൊന്നാനിയില്‍ വെച്ച് മരയ്ക്കാര്‍ സൈന്യം കീഴടക്കി.തുടര്‍ന്ന് ഗോവ, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുമുള്ള പോര്‍ച്ചുഗീസ് സൈന്യം കോഴിക്കോട് ആക്രമിച്ചു. കോലത്ത് നാട് (കണ്ണൂര്‍), കക്കാട്, കോഴിക്കോട്, പൊന്നാനി, ക്രാങ്കനൂര്‍ (കൊടുങ്ങല്ലൂര്‍), പുറക്കാട്, കൊല്ലം എന്നിവിടങ്ങളിലെല്ലാം കുഞ്ഞാലിപ്പടയും പോര്‍ച്ചുഗീസുകാരും ഏറ്റുമുട്ടിക്കൊണ്ടിരുന്നു. മുഴുവന്‍ യുദ്ധങ്ങളിലും വിജയം മരയ്ക്കാര്‍ സൈന്യത്തിനായിരുന്നു.
സമുദ്രാധിപത്യം പൂര്‍ണ്ണമായും മരയ്ക്കാര്‍ സൈന്യത്തിന്റെ കൈയിലകപ്പെട്ടതോടെ മലബാര്‍ കടലിലൂടെയുള്ള പറങ്കി സഞ്ചാരത്തിനറുതിയായി.’
ഇത്തരത്തില്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ചരിതം തന്നെയാണ് ചരിത്രത്തില്‍ കുഞ്ഞാലി മൂന്നാമന്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ പ്രിയന്‍ നല്‍കാന്‍ പോകുന്നത് ഒരുപക്ഷെ ഇന്ത്യന്‍ സിനിമയുടെ തലവര തന്നെ മാറ്റുന്നൊരു മുതലായിരിക്കും.
കാത്തിരിക്കാം നമുക്ക് ഇതിഹാസം പിറക്കുന്ന കാഴ്ച്ചയ്ക്കായി..
(ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും ലേഖകന്റെ നിരീക്ഷണങ്ങളാണ് )
DoolNews Video
ഹരിമോഹന്‍
creative writer and a screenplay writer