ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഡാറ് ലവ് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച് വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍. അഡാറ് ലവിന് ശേഷം മലയാളത്തില്‍ അധികം കണ്ടില്ലെങ്കിലും താരത്തിന് കൈനിറയെ തെലുങ്ക് ചിത്രങ്ങളുണ്ട് ഇപ്പോള്‍.
തനിക്ക് അഭിനയിക്കണമെന്ന് തോന്നിയ മലയാളം ചിത്രത്തെ പറ്റി പറയുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്കിയ അഭിമുഖത്തില്‍ പ്രിയ വാര്യര്‍. ഏതെങ്കിലും ഒരു സിനിമ കണ്ടിട്ട് ആ കഥാപാത്രമായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയത് ഏതാണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘മിക്കവാറും എല്ലാ സിനിമകളും കാണുമ്പോഴും തോന്നാറുണ്ട്. ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ ഇതിലും ഗംഭീരമായിട്ട് ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത് എല്ലാവര്ക്കും തോന്നുന്ന കാര്യം തന്നെയാണ്. അടുത്തിടെ ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ എന്ന തോന്നിയത് അല്ലെങ്കില്‍ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴാണ്. അത് ഞാനെന്റെ മാനേജര്‍ വിവേകേട്ടന്റെ അടുത്ത് പറയുകയും ചെയ്തു. ആ റോള്‍ കിട്ടുകയായിരുന്നെങ്കില്‍ കലക്കിയേനേയെന്ന്.
ഷൂട്ടിന്റെ സമയത്ത് ഒരു സീന്‍ ചെയ്തുകഴിഞ്ഞാല്‍ സംവിധായകന് വന്ന് ചിലപ്പോള്‍ വെരി ഗുഡ് എന്ന് പറയും. ഞാന്‍ ചെന്ന് മോണിറ്റര്‍ ചെന്ന് നോക്കിയാല്‍ ഇതിനാണോ ഇങ്ങേര് വെരി ഗുഡ് എന്ന് പറഞ്ഞത് എന്ന് ചിന്തിക്കും. എനിക്ക് എന്നെ തന്നെ സ്ക്രീനില്‍ കാണാന്‍ ഭയങ്കര ചമ്മലാണ്,’ പ്രിയ പറഞ്ഞു.
Content Highlight: Priya varrier says It would have been great if she got the character from Bro Daddy