Movie Day
ഇതെന്റെ ഡാന്‍സ് ടീച്ചറാണ്, പിറകിലല്ല, തന്റെ അടുത്ത് നിര്‍ത്തണമെന്ന് ഷാരൂഖ് അറ്റ്‌ലിയോട് പറഞ്ഞു: ജവാനിലെ ഡാന്‍സിനെ കുറിച്ച് പ്രിയ മണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 14, 08:25 am
Thursday, 14th September 2023, 1:55 pm

ഷാരൂഖ് ഖാന്റെ ജവാന്‍ സിനിമയിലെ ‘സിന്ദ ബന്ദ’ എന്ന പാട്ടില്‍ ഡാന്‍സ് ചെയ്തതിനെ പറ്റി സംസാരിക്കുകയാണ് നടി പ്രിയമണി. സിനിമയിലെ ഡാന്‍സ് രംഗത്തില്‍ തന്നെ ആദ്യം ഷാരൂഖ് ഖാന്റെ പുറകിലാണ് നിര്‍ത്തിയിരുന്നതെന്നും പിന്നീട് ഷാരൂഖ് ഖാന്‍ ഇടപെട്ടാണ് തന്നെ മുന്നിലേക്ക് മാറ്റിയതെന്നുമായിരുന്നു പ്രിയ മണി പറഞ്ഞത്.

കൊറിയോഗ്രാഫറായ ഷോബി മാസ്റ്ററോടും സംവിധായകന്‍ അറ്റ്‌ലിയോടും താന്‍ അദ്ദേഹത്തിന്റെ ഡാന്‍സ് ടീച്ചറാണെന്നും അദ്ദേഹത്തിനൊപ്പം നിര്‍ത്തണമെന്നും പറഞ്ഞു. തുടര്‍ന്ന് ഡാന്‍സിന്റെ കൊറിയോഗ്രഫി മാറ്റിയെന്നും കണക്ട് എഫ്.എം കാനഡക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയ മണി പറഞ്ഞു.

ഷാരൂഖിനൊപ്പം ചെന്നൈ എക്‌സ്പ്രസിലും പ്രിയാ മണി ഡാന്‍സ് ചെയ്തിട്ടുണ്ട്. അന്ന് തൊട്ട് താന്‍ അദ്ദേഹത്തിന്റെ ഡാന്‍സ് ടീച്ചര്‍ ആണെന്നാണ് ഷാരൂഖ് പറയാനുള്ളതെന്നും അദ്ദേഹം സ്റ്റെപ്പുകള്‍ മറക്കുമ്പോള്‍ തന്നെ നോക്കിയാണ് ചെയ്യാറുള്ളതെന്ന് പറഞ്ഞിട്ടുണ്ടെന്നും പ്രിയ മണി അഭിമുഖത്തില്‍ പറഞ്ഞു.

‘ഡാന്‍സ് രംഗം ഷൂട്ട് ചെയ്യാനിരിക്കെ അദ്ദേഹം സെറ്റിലേക്ക് എത്തി. എന്തിനാണ് പിറകില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു കൊറിയോഗ്രാഫര്‍ എന്നെ ഇവിടെയാണ് നിര്‍ത്തിയതെന്ന് ഞാന്‍ പറഞ്ഞു. അത് പറ്റിലെന്ന് പറഞ്ഞുകൊണ്ട് എന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ അടുത്തേക്ക് നിര്‍ത്തി. കൊറിയോഗ്രഫി എങ്ങനെയായാലും ഈ പെണ്‍കുട്ടി എന്റെ അടുത്ത് തന്നെ വേണമെന്നും ചെന്നൈ എക്സ്പ്രസ്സ് മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ ഡാന്‍സ് ടീച്ചറാണെന്നും കൊറിയോഗ്രാഫറോടും സംവിധായകനോടും പറഞ്ഞു,’ പ്രിയ മണി പറഞ്ഞു.

‘എല്ലാ സ്റ്റെപ്പുകളും ചെയ്യുമ്പോള്‍ അത് എങ്ങനെയാണെന്ന് ഷാരൂഖ് ഖാന്‍ എന്നോട് ചോദിക്കും. കൈ വെക്കേണ്ടത് ഇങ്ങനെയാണെന്നും കാല്‍ ഇങ്ങനെയാണെന്നുമൊക്കെ ഞാന്‍ പറഞ്ഞുകൊടുക്കും. നിങ്ങള്‍ ആ പാട്ട് ശ്രദ്ധിച്ചാല്‍ കാണാം സാനിയ മല്‍ഹോത്ര അദ്ദേഹത്തിന്റെ വലത് വശത്തും ഞാന്‍ ഇടത്തുമാണ് നില്‍ക്കുന്നത്. ഞങ്ങള്‍ എപ്പോഴും അദ്ദേഹത്തിന്റെ അടുത്ത് തന്നെ വേണം. സിന്ദ ബന്ദ ഡാന്‍സ് ഒരു മികച്ച അനുഭവമായിരുന്നു,’ പ്രിയാ മണി പറഞ്ഞു.

Content Highlight: Priya Mani About Jawan Movie Dance