Entertainment
എനിക്കും സുപ്രിയക്കും ആലിക്കും സുഹൃത്തിനേക്കാള്‍ എത്രയോ അപ്പുറമാണ് നീ; ഹിറ്റായി പൃഥ്വിരാജിന്റെ കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 28, 05:43 am
Wednesday, 28th July 2021, 11:13 am

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണിന്ന്. സിനിമാലോകവും ആരാധകരുമെല്ലാം നടന് ആശംസകള്‍ നേരുകയാണ്. ഇതിനിടിയില്‍ നടന്‍ പൃഥ്വിരാജിന്റെ ഹൃദ്യമായ ആശംസയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

തനിക്കും സുപ്രിയക്കും മകള്‍ ആലിക്കും സുഹൃത്തിനേക്കാള്‍ അപ്പുറമാണ് ദുല്‍ഖറെന്നാണ് പൃഥ്വിരാജ് പറയുന്നത്. സിനിമ ദുല്‍ഖറിന് ഒരു അഭിനിവേശമാണെന്നും പൃഥ്വിരാജ് പറയുന്നു.

‘ഹാപ്പി ബര്‍ത്ത്‌ഡേ ബ്രദര്‍ മാന്‍. സുപ്രിയക്കും എനിക്കും ആലിക്കും നീ ഒരു സുഹൃത്തിനേക്കാള്‍ എത്രയോ അപ്പുറമാണ്. ഏറ്റവും കൂളായ ഒരാളും ഏറ്റവും നല്ലവനായ ഒരാളും ഒന്നിച്ചു ചേര്‍ന്നാല്‍ എങ്ങനെയിരിക്കും, അതാണ് നീ.

നീ നേടിയ എല്ലാ നേട്ടങ്ങളും നിനക്ക് അര്‍ഹതപ്പെട്ടത് തന്നെയാണ്. നിന്റെ കഴിവിനെ കുറിച്ചും സിനിമയെ കുറിച്ചും നീ എത്രമാത്രം പാഷനേറ്റ് ആണെന്ന് എനിക്ക് നേരിട്ട് അറിയാവുന്നതാണല്ലോ. പിന്നെ, എത്ര അഭിമാനത്തോടെയാണ് ആ ബിഗ് എം (മമ്മൂട്ടി) എന്ന പേര് നിന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കുന്നത്.

കുടുംബങ്ങള്‍ക്കും സിനിമകള്‍ക്കും കാറുകള്‍ക്കും നമ്മുടെ കൊച്ചു പെണ്‍കുട്ടികള്‍ ഒന്നിച്ചു വളര്‍ന്നു വലുതാവുന്നതിനുമെല്ലാം ആശംസകള്‍. ഒരുപാട് സ്‌നേഹം,’ പൃഥ്വരാജിന്റെ കുറിപ്പില്‍ പറയുന്നു.

ദുല്‍ഖറിന് ആശംസകളറിയിച്ചു കൊണ്ട് ആസിഫ് അലിയും കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനുമെല്ലാം ഫേസ്ബുക്കിലെഴുതിയിട്ടുണ്ട്. ദുല്‍ഖറിന്റെ പുതിയ ചിത്രങ്ങളിലെ ഫോട്ടോകളാണ് ഇരുവരും പങ്കുവെച്ചിട്ടുള്ളത്.

തിരക്കുള്ള നാളുകളാണ് സിനിമയില്‍ ദുല്‍ഖറിനെ കാത്തിരിക്കുന്നത്. കുറുപ്പ്, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട്, തമിഴില്‍ ഹേയ് സിനാമിക, തെലുങ്കില്‍ യുദ്ധം തോ രസിന പ്രേമ കഥ, ഹിന്ദിയില്‍ ആര്‍. ബാല്‍ക്കിയുടെ സൈക്കോളജിക്കില്‍ ത്രില്ലര്‍ എന്നിവയാണ് ദുല്‍ഖറിനെ കാത്തിരിക്കുന്ന ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj Sukumaran wishes Dulquer Salmaan on his birth day