2024ലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച നോവലിന് ബ്ലെസി ചലച്ചിത്രഭാഷ്യമൊരുക്കിയപ്പോള്‍ നായകനായ നജീബിനെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. മികച്ച നടനടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ഈ സിനിമ നേടിയത്.
ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ആടുജീവിതം കാഴ്ചവെച്ചത്. 150 കോടിയിലധികം ചിത്രം കളക്ട് ചെയ്തു. ബെന്യാമിന്റെ ആടുജീവിതം വായിച്ച മലയാളികള്‍ക്കെല്ലാം നജീബിനെ അറിയുന്നതാണ്. പൃഥ്വിരാജ് ഈ കഥാപാത്രത്തിനായി ശരീരഭാരം കുറച്ചതും ഏറെ പ്രശംസ നേടിയിരുന്നു.
ആടുജീവിതത്തിനായുള്ള മാറ്റങ്ങള്‍ ഏറെ ഗുണം ചെയ്തത് ജനഗണമന എന്ന സിനിമക്കാണെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. കടുവ സിനിമയിലും തന്റെ ശരീരത്തിലെ മാറ്റങ്ങള്‍ കാണാനാവുമെന്നും നടന്‍ പറഞ്ഞു. നാനാ സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘ആടുജീവിതത്തിന്റെ ആദ്യ ഷെഡ്യൂള്‍ സമയത്ത് ഞാന്‍ ഏറെ മെലിഞ്ഞിരുന്നു. ജനഗണമനയില്‍ എന്റെ മൂന്ന് നാലുതരം ഗെറ്റപ്പുകളുണ്ട്. ആടുജീവിതത്തിനായുള്ള മാറ്റങ്ങള്‍ ഏറെ ഗുണം ചെയ്തത് ജനഗണമന എന്ന സിനിമക്കാണ് എന്ന് വേണം പറയാന്‍.
കടുവ സിനിമയിലും എന്റെ മാറ്റങ്ങള്‍ കാണാനാവും. യഥാര്‍ത്ഥത്തില്‍ ആടുജീവിതത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ ആരോഗ്യത്തിന് ഏറെ ഹാനികരമായിരുന്നു. ശരീരഭാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഒരുപാട് നടന്നിരുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
ജനഗണമന സിനിമയുടെ കാലഘട്ടത്തെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിച്ചു. എവിടേയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കഥയാണ് ആ സിനിമയുടേത് എന്നാണ് പൃഥ്വി പറഞ്ഞത്.
‘ഒരു ചട്ടക്കൂട്ടിലേക്ക് ഈ സിനിമയുടെ കാലഘട്ടത്തെ ഒതുക്കരുതെന്ന് ചിന്തിച്ചിരുന്നു. ഒരു സ്ഥലവുമായും സമയവുമായും പ്രസക്തമായ കഥയാണിത്. സാങ്കല്‍പ്പികമായ സ്ഥലത്ത് ഒരു യഥാര്‍ത്ഥ സംഭവം ആയിരിക്കണമെന്ന് തോന്നി.
എവിടേയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കഥയാണിത്. അതിനാല്‍ കാലത്തെക്കുറിച്ച് അമിത പ്രാധാന്യം ഈ സിനിമ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Janaganamana Movie And Aadujeevitham