Entertainment
ആക്ഷൻ സിനിമ ചെയ്യാൻ അവർ പറഞ്ഞിട്ടും റിസ്‌ക്കെടുത്ത് ഞാൻ മറ്റൊരു രീതിയിൽ ആ ചിത്രം നിർമിച്ചു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 06, 06:47 am
Wednesday, 6th November 2024, 12:17 pm

നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന് ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ ഒരു സ്ഥാനം അലങ്കരിക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിൽ അഭിനയിച്ച പൃഥ്വി നിരവധി സംവിധായകരോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്.

ജെനൂസ് മുഹമ്മദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായിരുന്നു നയൻ. മലയാളത്തിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത വ്യത്യസ്തമായ ഹൊറർ സിനിമയായിരുന്നു നയൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണത്തിനെത്തിച്ച സിനിമ ഏറ്റെടുക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

വ്യത്യസ്തമായ കഥ പറഞ്ഞ സിനിമ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ആ കഥ കേട്ടപ്പോൾ തനിക്ക് ചെയ്യാൻ വലിയ താത്പര്യം തോന്നിയെന്നും പൃഥ്വി പറയുന്നു. ചിത്രത്തിന് വേണ്ടി ഒരുപാട് നിർമാതാക്കളോട് സംസാരിച്ചിരുന്നുവെന്നും പൃഥ്വി പറഞ്ഞു. ഒടുവിൽ സിനിമ നിർമിക്കാൻ താൻ സ്വയം തീരുമാനിച്ചെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് പൃഥ്വിരാജ് പറഞ്ഞു.

‘റിസ്ക് എടുക്കാൻ പറ്റുന്നത് കൊണ്ടാണ് എടുക്കുന്നത്. നയൻ എന്ന ചിത്രത്തിന് വേണ്ടി ഒരുപാട് നിർമാതാക്കളോട് സംസാരിച്ചിരുന്നു. ജെനൂസിനെ ഞാൻ തന്നെ ഒരുപാട് നിർമാതാക്കളുടെ അടുത്തേക്ക് അയച്ചിരുന്നു. എനിക്ക് നന്നായി ഇഷ്ടപ്പെട്ട ഒരു കഥയുണ്ട് ഒന്ന് കേൾക്കുമോയെന്ന് ചോദിച്ചിട്ട്.

അവരൊക്കെ തിരിച്ച് എന്നോട് ചോദിച്ചത് നമുക്കൊരു ആക്ഷൻ സിനിമ ചെയ്തൂടെ എന്നായിരുന്നു. അങ്ങനെയൊക്കെയാണ് ചോദ്യം വന്നത്. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് തോന്നി എനിക്കിഷ്ടപ്പെട്ട ഒരു കഥയിൽ ഞാൻ താത്പര്യം കാണിച്ചില്ലെങ്കിൽ പിന്നെ അതിൽ എന്തർത്ഥമാണുള്ളത്.

വേറെ ഒരാളോട് നിങ്ങൾ ഇത് ചെയ്യൂവെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ലല്ലോ. അങ്ങനെ തോന്നിയത് കൊണ്ടാണ് ഞാൻ നയൻ നിർമിക്കാൻ തീരുമാനിച്ചത്. അതിനുശേഷമാണ് ശരിക്കും സോണിയുമായിട്ടുള്ള കൂടിക്കാഴ്ച്ച സംഭവിക്കുന്നതും അവർ അതിലേക്ക് ഭാഗമാവുന്നതും,’പൃഥ്വിരാജ് പറയുന്നു.

അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വി. ലൂസിഫറിന്റെ രണ്ടാംഭാഗമായ ഈ മോഹൻലാൽ ചിത്രം അടുത്ത വർഷമാവും തിയേറ്ററിൽ എത്തുക.

Content Highlight: Prithviraj About Nine Movie