ഇന്ത്യന്‍ ടീമല്ല പ്രധാന ലക്ഷ്യം; പൃഥ്വി ഷാ
Sports News
ഇന്ത്യന്‍ ടീമല്ല പ്രധാന ലക്ഷ്യം; പൃഥ്വി ഷാ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th February 2024, 10:03 pm

രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയാണ് മുംബൈ ബാറ്റര്‍ പൃഥ്വി ഷാ. ഛത്തീസ്ഗഡിനെതിരായ ആദ്യ ഇന്നിങ്‌സില്‍ 159 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. 185 പന്തില്‍ മൂന്ന് സിക്‌സറുകളും 18 ബൗണ്ടറികളും അടക്കമായിരുന്നു താരത്തിന്റെ പ്രകടനം. നിലവില്‍ രണ്ടാം ഇന്നിങ്‌സ് തുടരുമ്പോള്‍ 58 പന്തില്‍ ആറ് ബൗണ്ടറികള്‍ അടക്കം 45 റണ്‍സ് ആണ് താരം നേടിയത്.

പരിക്കിന് ശേഷം ഏറെക്കാലം മാറിനിന്ന ഷാ രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ 35 റണ്‍സ് നേടിയാണ് തുടക്കം കുറിച്ചത്. എന്നാല്‍ ഛത്തീസ്ഗഡിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 351 റണ്‍സ് നേടിയതില്‍ പ്രധാന പങ്ക് വഹിച്ചത് ഷാ ആയിരുന്നു.

ഏറെ കാലത്തിനു ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവിന്റെ പ്രധാന ലക്ഷ്യം എന്താണെന്ന് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാ.

‘ഞാനിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരുപാട് മുന്നോട്ടല്ല. പരിക്കിന് ശേഷം ക്രിക്കറ്റ് കളിക്കാന്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫി നേടിക്കൊടുക്കുക എന്ന ലക്ഷ്യമാണ് എനിക്കിപ്പോള്‍ ഉള്ളത്. ആ ലക്ഷ്യത്തിലേക്ക് എത്താന്‍ എനിക്ക് കഴിയുന്ന അത്രയും ടീമിനു സംഭാവന നല്‍കണം,’ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ ഷാ പറഞ്ഞു.

പരിക്കിനെ തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും ഉള്‍പ്പെടെയുള്ള ആഭ്യന്തര ടൂര്‍ണമെന്റുകള്‍ താരത്തിന് നഷ്ടമായിരുന്നു. നിലവില്‍ രഞ്ജി ട്രോഫിയിലും തുടര്‍ന്ന് അടുത്ത ഐ.പി.എല്‍ സീസണിലും മികച്ച ഫോം പുറത്തെടുക്കാന്‍ ആണ് താരത്തിന്റെ പ്രധാന ലക്ഷ്യം.

പരിക്കിന് ശേഷം ഗ്രൗണ്ടിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും താരം സംസാരിച്ചിരുന്നു.

‘ഞാന്‍ പരിഭ്രാന്തനായില്ല, പക്ഷേ വീണ്ടും ബാറ്റ് ചെയ്യുമ്പോള്‍ അല്പം വിചിത്രമായി തോന്നി, എന്നിരുന്നാലും ഞാന്‍ ഒരു പരിശീലന മത്സരം കളിച്ച ശേഷം എന്നെത്തന്നെ ശരിയാക്കി കൊണ്ടിരിക്കുന്നു. എന്റെ ശരീരഭാഷ മെച്ചപ്പെടുന്നുണ്ട്,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Prithvi Shaw Talking About His Next Aim