ടോക്യോ: ജപ്പാനിലെ ജയിലുകളില്‍ വധശിക്ഷ നടപ്പിലാക്കാന്‍ പോകുന്നവിവരം തടവുകാരെ അറിയിക്കുന്നത് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണെന്ന് വ്യാപകമായി പരാതി. ഒരേ ദിവസം കൂട്ടത്തോടെ വധശിക്ഷ നടപ്പാക്കാന്‍ നീക്കമുള്ളതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് തടവുകാര്‍ ഒരേ ദിവസം തങ്ങളുടെ ശിക്ഷ നടപ്പാക്കാന്‍ പോകുന്നതിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ്. തൂക്കുമരമാണ് ജപ്പാനില്‍ വധശിക്ഷയായി നടപ്പാക്കുന്നത്.
മുന്‍കൂട്ടി അറിയിക്കാതെ തടവുകാരെ തൂക്കിലേറ്റുന്നത് അങ്ങേയറ്റം മനുഷ്യത്വ രഹിതമാണെന്ന് പ്രതികളുടെ അഭിഭാഷകന്‍ ഒരു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു. ”വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാര്‍, ഇന്നാണോ തങ്ങളുടെ അവസാന ദിവസം എന്ന് പോലും അറിയാതെ ഭയത്തോടെയാണ് ഓരോ ദിവസവും ഉറക്കമെണീക്കുന്നത്,” അഭിഭാഷകന്‍ പറഞ്ഞു.
തടവുകാരുടെ മാനസിക ആരോഗ്യത്തെ, ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികള്‍ വളരെ മോശമായി ബാധിക്കുന്നുണ്ടെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും മുമ്പേ വിമര്‍ശിച്ചിരുന്നു.
മരിക്കാന്‍ പോവുകയാണെന്ന് മുന്‍കൂട്ടി അറിഞ്ഞുകൊണ്ട് വേദനയോടെ ജീവിക്കുന്നതില്‍ നിന്നും തടവുകാരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വ്യാഴാഴ്ച, ഒസാക്ക നഗരത്തിലെ ജില്ലാ കോടതിയില്‍ തടവുകാര്‍ ഇതിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ആദ്യമായാണ് രാജ്യത്ത് തടവുകാര്‍ ഇത്തരമൊരു നീക്കവുമായി കോടതിയെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പെട്ടെന്നുള്ള ശിക്ഷ നടപ്പാക്കല്‍ കാരണം വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ പോകാന്‍ സാധിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. അധികൃതരുടെ നടപടിയ്ക്ക് പകരമായി 22 മില്യണ്‍ ജാപ്പനീസ് യെന്‍ (1,93,500 ഡോളര്‍) നഷ്ടപരിഹാരവും തടവുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
100ലധികം തടവുകാരാണ് നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജപ്പാനില്‍ വിവിധ ജയിലുകളിലായി കഴിയുന്നത്. രണ്ട് വര്‍ഷത്തോളമായി വധശിക്ഷകളൊന്നും നടപ്പാക്കിയിരുന്നില്ല.