കൊളംബോ: ശ്രീലങ്കയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത് പോലെയുള്ള നിരവധി ഓപ്ഷനുകള്‍ ഉണ്ടെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. പ്രകടനങ്ങളില്‍ പങ്കെടുക്കുക, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിക്കുക തുടങ്ങിയ നിരവധി ഓപ്ഷനുകളാണ് ടൂറിസ്റ്റുകള്‍ക്കുള്ളത് എന്ന വിക്രമസിംഗേ വാചകങ്ങള്‍ വിവാദമാവുകയാണ്.
സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം. ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ടൂറിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ടൂറിസ്റ്റുകള്‍ക്ക് പ്രകടനങ്ങളില്‍ പങ്കെടുക്കാം. ശ്രീലങ്കന്‍ പ്രസിഡന്റ് വീട്ടിലേക്ക് പോകണം എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിക്കാം, അല്ലെങ്കില്‍ പ്രധാനമന്ത്രിയോട് വീട്ടിലേക്ക് പോകണമെന്ന് പറയുന്ന പ്ലക്കാര്‍ഡ് പിടിക്കാം. അതെല്ലാം ലഭ്യമാണ്,’ പ്രധാനമന്ത്രി പറഞ്ഞു. അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ വിക്രമസിംഗെയുടെ ഈ വാചകങ്ങള്‍ വൈറലാവുകയാണ്.
”ടൂറിസ്റ്റുകള്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്നതിനെ ഞങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നില്ല, എന്നാല്‍ വിദേശനാണ്യത്തിന്റെ ദൗര്‍ലഭ്യവും ഇവിടെനടക്കുന്ന ചില പ്രകടനങ്ങളും അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും ഞങ്ങള്‍ മനസ്സിലാക്കുന്നു, ടൂറിസ്റ്റുകള്‍ ഈ സമയം ശ്രീലങ്ക സന്ദര്‍ശിക്കാനിടയില്ല,” പ്രധാനമന്ത്രി പറഞ്ഞു.
ഇതേ അഭിമുഖത്തില്‍, രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് റെനില്‍ വിക്രമസിംഗേ മുന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. ഡോളറോ രൂപയോ ഇല്ലാത്ത അത്തരമൊരു സാഹചര്യം ശ്രീലങ്ക ഒരിക്കലും നേരിട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘പ്രതിഷേധക്കാരുടെ വേദന എനിക്ക് മനസിലാവും. തങ്ങളുടെ ഭാവി നഷ്ടപ്പെടുന്നത് കാണുന്ന ചെറുപ്പക്കാര്‍, പ്രായമായവര്‍, ഇടത്തരക്കാര്‍, അവരുടെ ജീവിതം തകരുന്നത് കാണുന്നു. പൊലീസ് സ്റ്റേഷനുകള്‍ക്കും പെട്രോള്‍ സ്റ്റേഷനുകള്‍ക്കും മറ്റ് സ്ഥലങ്ങള്‍ക്കും പുറത്ത് നടക്കുന്ന നിരവധി പ്രകടനങ്ങള്‍, ജനങ്ങള്‍ അനുഭവിക്കുന്ന ദേഷ്യവും നിരാശയുമാണ് കാണിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Prime Minister Ranil Wickremesinghe has said that tourists visiting Sri Lanka have many options such as participating in protests