Kerala
പാര്‍ലമെന്റ് ഉദ്ഘാടനം; ഹിന്ദു സന്ന്യാസി സംഘത്തില്‍ നിന്ന് മോദി ചെങ്കോല്‍ സ്വീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 27, 04:23 pm
Saturday, 27th May 2023, 9:53 pm

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രദര്‍ശിപ്പിക്കുന്ന സ്വര്‍ണചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട്ടിലെ
തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ അധീനത്തില്‍ നിന്നുള്ള ഹിന്ദു സന്ന്യാസി സംഘമാണ് ചെങ്കോല്‍ കൈമാറിയത്.

ധനമന്ത്രി നിര്‍മല സീതാരാമനും ചടങ്ങിന്റെ ഭാഗമായിരുന്നു. സന്ന്യാസിമാരുടെ മന്ത്രോച്ഛാരണങ്ങളോടെയായിരുന്നു ചടങ്ങ്. അധീനന്മാരുടെ അനുഗ്രഹം തേടാന്‍ ഭാഗ്യമുണ്ടായതില്‍ സന്തോഷമുണ്ടെന്ന് മോദി പ്രതികരിച്ചു.

അലഹബാദിലെ വസതിയായ ആനന്ദഭവനില്‍ സൂക്ഷിച്ചിരുന്ന ചെങ്കോല്‍ കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിച്ചിരുന്നു. പാര്‍ലമെന്റ് ഉദ്ഘാടന ദിവസം പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറുമെന്നായിരുന്നു നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നത്. അതിനിടയിലാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത്.

 

 

പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.
ചെങ്കോല്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സ്ഥാപിക്കും. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതിനു മുമ്പ് അധികാര കൈമാറ്റമെന്ന രീതിയില്‍ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന് കൈമാറിയ ചെങ്കോലാണിതെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

അതേസമയം, രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നതില്‍ പ്രതിഷേധിച്ച് ഒറ്റക്കെട്ടായി ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.