അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ മാധ്യമപ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ കർശന നടപടി വേണം; പ്രസ് ക്ലബ് ഓഫ് ഇന്ത്യ
India
അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ മാധ്യമപ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ കർശന നടപടി വേണം; പ്രസ് ക്ലബ് ഓഫ് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2024, 2:54 pm

ന്യൂദൽഹി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനു നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ ഞായറാഴ്ച പറഞ്ഞു. സംഭവത്തിൽ കർശനമായ നടപടി വേണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർ നിരന്തരമായ ശാരീരിക ആക്രമണങ്ങൾക്കും ഭീഷിണികൾക്കും ഇരകളാകുന്നു. ഇത് വർധിച്ചുവരുന്നു എന്നത് സങ്കടകരമാണെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പറഞ്ഞു.

കഴിഞ്ഞ ദിവസം, ന്യൂസ് പോർട്ടലായ മോളിറ്റിക്സിൽ ജോലി ചെയ്യുന്ന രാഘവ് ത്രിവേദിയെ അമിത്ഷായുടെ റാലിക്കിടെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

റായ്ബറേലിയിലെയും അമേഠിയിലെയും തെരഞ്ഞെടുപ്പ് വാർത്തകൾ റിപ്പോർട്ട് ചെയ്യാനാണ് ഞാൻ ദൽഹിയിൽ നിന്ന് വന്നതെന്ന് ത്രിവേദി മാധ്യമങ്ങളോട് പറഞ്ഞു. ‘അമിത്ഷായുടെ റാലിക്കിടെ, താൻ സ്ത്രീകളെ അഭിമുഖം നടത്തി. 100 രൂപ പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തങ്ങളെ ഗ്രാമ പ്രധാൻ പരിപാടിയിലേക്ക് കൊണ്ടുവന്നതെന്ന് അവർ എന്നോട് പറഞ്ഞു. ഇതേക്കുറിച്ചറിയാൻ ഞാൻ പ്രാദേശിക ബിജെപി നേതാക്കളെ സമീപിച്ചു. എന്നാൽ ബി.ജെ.പി പ്രവർത്തകരോട് വിഷയത്തെക്കുറിച്ച് സംസാരിച്ചതോടുകൂടി അവർ എന്നെ കയ്യേറ്റം ചെയ്യുകയായിരുന്നു. ആദ്യം, അവർ എന്റെ ചോദ്യം നിഷേധിച്ചു. എന്നാൽ ഞാൻ സ്ത്രീകൾ പറഞ്ഞതിനെക്കുറിച്ച് അവരെ അറിയിച്ചപ്പോൾ, ഒരു സംഘം എന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോകുകയും ക്യാമറയുടെ റെക്കോർഡിംങ് ഇല്ലാതാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഞാൻ വിസമ്മതിച്ചപ്പോൾ, അവർ എന്നെ ആക്രമിക്കാൻ തുടങ്ങി. സഹായത്തിനായി ഞാൻ പോലീസിനോടും സമീപത്തുള്ളവരോടും അഭ്യർത്ഥിച്ചു, പക്ഷേ ആരും ഇടപെട്ടില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു.

40 ഓളം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും രക്ഷിക്കാൻ എത്തിയില്ലെന്ന് മാധ്യമപ്രവർത്തകൻ ന്യൂസ്‌ലോൺഡ്രിയോട് പറഞ്ഞു.
അക്രമികൾക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് കമ്മീഷനോടും പ്രാദേശിക ഭരണകൂടത്തോടും ആവശ്യപ്പെട്ടു.

Content Highlight:  Press Club of India calls for strict action after journalist attacked at Amit Shah election rally