വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്ന നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.
ആഘോഷത്തിനു തയാറെടുക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്യുകയും ചെയ്തു. അതേസമയം കൃത്യമായി ആര് വിജയിക്കുമെന്ന് പ്രഖ്യാപിക്കാന്‍ കഴിയാത്ത തരത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുന്നത്.
നിലവില്‍ ഫല പ്രഖ്യാപനം നടന്ന ഇലക്ട്രല്‍ വോട്ടുകളില്‍ 212 എണ്ണം ട്രംപിനും 236 വോട്ടുകള്‍ ജോ ബൈഡനുമാണ് ലഭിച്ചിരിക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകള്‍ നേടുന്നയാള്‍ ജയിക്കും എന്നിരിക്കേ ഇലക്ടറല്‍ വോട്ടുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ ട്രംപ് പിടിക്കുന്നത് അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
എന്നാല്‍ അവസാന വോട്ട് എണ്ണുന്നത് വരെ കാത്തിരിക്കാനാണ് ജോ ബൈഡന്‍ പറഞ്ഞത്. തങ്ങള്‍ തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് സൂചന. ഇലക്ടറല്‍ കോളേജുകളിലെ 538 അംഗങ്ങളില്‍ 270 പേരുടെ പിന്തുണയാണ് പ്രസിഡന്റിനു വേണ്ടത്.
10 കോടി പേര്‍ നേരത്തെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പോളിംഗ് പൂര്‍ണമാവുമ്പോള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം 2020 ല്‍ രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. 2016 ലെ തെരഞ്ഞെടുപ്പിലെ ആകെ ബാലറ്റ് നമ്പറുകളേക്കാള്‍ 72 ശതമാനം വോട്ടുകളാണ് ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഫ്‌ളോറിഡ, അരിസോണ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടാനാവുമെന്നും ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ തെരുവുകളില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ സുരക്ഷാ സേനയെ വിന്യസിക്കാന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3600 സുരക്ഷാ സേനയെ ഇതിനകം വിന്യസിച്ചിട്ടുണ്ട്.
തപാല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സമയം വേണ്ടതിനാല്‍ അന്തിമ ഫലം വൈകാനാണ് സാധ്യത. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ പല സംസ്ഥാനങ്ങളിലെ സമയ വ്യത്യാസം പോളിംഗും വോട്ടെണ്ണലും വിവിധ സംസ്ഥാനങ്ങളില്‍ രണ്ടു സമയത്താകാനിടയാക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Presidential election into legal battle; Trump is preparing to approach the Supreme Court and demand that the vote count be stopped