സ്ത്രീകള്‍ മാത്രമല്ല ഗര്‍ഭം ധരിക്കുന്നത്; ഗര്‍ഭിണി എന്ന വാക്ക് നിയമപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി സുപ്രീം കോടതി
national news
സ്ത്രീകള്‍ മാത്രമല്ല ഗര്‍ഭം ധരിക്കുന്നത്; ഗര്‍ഭിണി എന്ന വാക്ക് നിയമപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2024, 12:57 pm

ന്യൂദല്‍ഹി: ഗര്‍ഭിണിയെന്ന് അര്‍ത്ഥം വരുന്ന പ്രെഗ്നന്റ് വുമണ്‍ എന്ന വാക്ക് നിയമപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി സുപ്രീം കോടതി. സ്ത്രീകള്‍ മാത്രമല്ല ഗര്‍ഭം ധരിക്കുന്നതെന്നും അതിനാല്‍ ഗര്‍ഭിണി എന്ന വാക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് ഉത്തരവ്. ഗര്‍ഭിണി എന്ന വാക്ക് നിയമപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി ഗര്‍ഭം ധരിച്ച വ്യക്തി എന്ന അര്‍ത്ഥം വരുന്ന പ്രെഗ്ന്‌നന്റ് പേര്‍സണ്‍ എന്ന വാക്ക് ഉപയോഗിക്കണമെന്നാണ് കോടതി പറഞ്ഞത്.

നോണ്‍ ബൈനറിയായ വ്യക്തികളും ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷന്‍മാരും ഗര്‍ഭം ധരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 14 വയസ്സുകാരിയുടെ ഗര്‍ഭം അലസിപ്പിക്കുന്നത് സംബന്ധിച്ച 22 പേജുള്ള വിധിന്യായത്തില്‍ പ്രെഗ്നന്റ് പേര്‍സണെന്ന് 42 തവണയാണ് ചീഫ് ജസ്റ്റിസ് ഉപയോഗിച്ചതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

അതിജീവിതയായ 14കാരിയുടെ 30 ആഴ്ച പിന്നിട്ട ഗര്‍ഭം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാരണത്താല്‍ അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍.

ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഏപ്രില്‍ 22ന് മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു.

അതിജീവിതയുടെ താത്പര്യത്തിന് വിരുദ്ധമായി ഗര്‍ഭം തുടര്‍ന്നാല്‍ അത് പെണ്‍കുട്ടിയുടെ മാനസികാരോഗ്യത്തെ വരെ ബാധിച്ചേക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചത്. ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹരജി മുംബൈ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlight: ‘Pregnant person’ not just women, trans men & others can also be with child, says Supreme Court