ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികരുടെ ത്യാഗങ്ങളെ ബി.ജെ.പി പ്രത്യക്ഷമായി രാഷ്ട്രീയവത്കരിക്കുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് നല്‍കിയ സംയുക്ത പ്രസ്താവന പാകിസ്ഥാനെയും അവിടുത്തെ മാധ്യമങ്ങളേയും സന്തോഷിപ്പിച്ചതായി ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
“അത് ആരെയാണ് സന്തോഷിപ്പിക്കുന്നത്? പാകിസ്ഥാനെയും, പാകിസ്ഥാനിലെ മാധ്യമങ്ങളേയും”- ജാവദേക്കര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന പുറത്തു വന്ന സാഹചര്യത്തില്‍ ഇത് രാജ്യം ഒരേ സ്വരത്തില്‍ സംസാരിക്കേണ്ട സമയമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലിയും പറഞ്ഞിരുന്നു. രാജ്യം ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍, തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരട്ടത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് എന്തിനാണ് പ്രതിപക്ഷം ആരോപിക്കുന്നത് എന്നായിരുന്നു ജെയ്റ്റലിയുടെ ട്വീറ്റ്
പുല്‍വാമ ആക്രമണത്തില്‍ അപലപിക്കുകയും, ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പുകള്‍ക്കു നേരെ നടത്തിയ വ്യോമാക്രമണത്തെ സംയുക്ത പ്രസ്താവനയില്‍ പാര്‍ട്ടികള്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.
“ദേശീയ സുരക്ഷ ഇടുങ്ങിയ രാഷ്ട്രീയ പരിഗണനകളെ നിഷ്പ്രഭമാക്കണം”- എന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ജനാധിപത്യ മര്യാദയനുസരിച്ച് ബാല്‍ക്കോട്ട് ആക്രമണത്തിന് ശേഷം സര്‍വകക്ഷി യോഗം നടത്തിയില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തിയിരുന്നു.
പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിങ്ങ് കമാന്റര്‍ അഭിനന്ദ് വര്‍ദ്ധമാനെക്കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.