'ആദ്യം വഞ്ചിത് ബഹുജന്‍ അഘാഡി ബി.ജെ.പിയുടെ ബി ടീം ആണോയെന്ന് വ്യക്തമാക്കൂ, എന്നിട്ടാവാം സഖ്യം'; കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തോട് പ്രകാശ് അംബേദ്ക്കര്‍
India
'ആദ്യം വഞ്ചിത് ബഹുജന്‍ അഘാഡി ബി.ജെ.പിയുടെ ബി ടീം ആണോയെന്ന് വ്യക്തമാക്കൂ, എന്നിട്ടാവാം സഖ്യം'; കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തോട് പ്രകാശ് അംബേദ്ക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2019, 7:01 pm

വഞ്ചിത് ബഹുജന്‍ അഘാഡി എന്ന തന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംവിധാനം ബി.ജെ.പിയുടെ ബി ടീമാണെന്ന പ്രചരണത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ചെയ്യേണ്ടതെന്ന് പ്രകാശ് അംബേദ്ക്കര്‍. എന്നിട്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യം വേണമോ എന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വി.ബി.എയെ ബി.ജെ.പിയുടെ ബി ടീം ആയാണോ ഇപ്പോഴും കോണ്‍ഗ്രസ് സഖ്യം കാണുന്നത് എന്ന് ഞങ്ങള്‍ക്കറിയണം. അവര്‍ നിരന്തരം ഞങ്ങള്‍ ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഞങ്ങളെ കുറിച്ചുള്ള ഇപ്പോഴുള്ള അവരുടെ നിലപാട് എന്താണെന്ന് ഞങ്ങള്‍ക്കറിയണം. അത് സഖ്യമുണ്ടാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ സഹായിക്കുമെന്ന് പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു.

വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരണോ വേണ്ടയോ എന്ന കാര്യത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്ന് പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു. സമഭാവത്തോടെ വി.ബി.എയെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് കഴിഞ്ഞ വാരത്തില്‍ പ്രകാശ് അംബേദ്ക്കര്‍ ട്വീറ്റ് ചെയ്തിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് സഖ്യം വി.ബി.എയുമായി സീറ്റ് ചര്‍ച്ച നടത്തിയിരുന്നു. 12 സീറ്റുകളാണ് വി.ബി.എ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് സഖ്യം ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് മുഴുവന്‍ സീറ്റുകളിലും വി.ബി.എ മത്സരിച്ചത്. ഒരു സീറ്റില്‍ വി.ബി.എ വിജയിക്കുകയും ചെയ്തിരുന്നു.