D' Election 2019
മണ്ഡലത്തില്‍ മാത്രമല്ല, സ്വന്തം ബൂത്തിലും പ്രദീപ് കുമാറിന് വോട്ടുകുറഞ്ഞു; വോട്ടുമറിഞ്ഞതെങ്ങനെ? അന്വേഷണത്തിന് സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 03, 04:48 pm
Monday, 3rd June 2019, 10:18 pm

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.പ്രദീപ് കുമാര്‍ സ്വന്തം ബൂത്തിലും പിന്നിലായതിന്റെ കാരണങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ച് പാര്‍ട്ടി. പ്രദീപ്കുമാറിന്റെ വീടുള്‍പ്പെടുന്ന കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ 23-ാം നമ്പര്‍ ബൂത്തില്‍ എല്‍.ഡി.എഫിനു ലഭിച്ചത് 397 വോട്ടാണ്. യു.ഡി.എഫ് 415 വോട്ടുണ്ടിവിടെ. എ.പ്രദീപ്കുമാര്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ പിന്നിലായതാണ് സി.പി.ഐ.എമ്മിന് വന്‍ തിരിച്ചടിയായത്.

സാധാരണ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് ലീഡ് നേടാറുള്ള ബൂത്താണിത്. ഇവിടെ പ്രദീപ്കുമാര്‍ 18 വോട്ടുകള്‍ക്കു പിന്നിലായി. അതേസമയം, എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബു ഈ ബൂത്തില്‍ 222 വോട്ട് നേടി.

കോഴിക്കോട് നഗരത്തിലടക്കം സി.പി.ഐ.എം വോട്ടുകള്‍ ചോര്‍ന്നതിനു പിന്നില്‍ വിഭാഗീയതയാണെന്ന ആരോപണം ഉയര്‍ന്നിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിയുടെ സ്വന്തം ബൂത്തില്‍ വോട്ടുകുറഞ്ഞതു ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. ഔദ്യോഗിക പക്ഷത്തെ നേതാവ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിച്ച ബൂത്തില്‍, പാര്‍ട്ടി സ്ഥാനാര്‍ഥി പിന്നിലായതിന്റെ കാരണങ്ങള്‍ പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രദീപ്കുമാര്‍ മൂന്നുതവണ വിജയിച്ച മണ്ഡലത്തില്‍ 4,558 വോട്ടിന്റെ ലീഡാണ്, കോഴിക്കോടിന്റെ ജനകീയ എം.പി എന്ന വിശേഷണത്തോടെ മത്സരിക്കാനിറങ്ങിയ എംകെ വിജയരാഘവന്‍ നേടിയത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,873 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രദീപ്കുമാറിന്റെ വിജയം. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ലോക്സഭാ മണ്ഡലമൊട്ടാകെ നടപ്പിലാക്കാന്‍ പ്രദീപ് കുമാറിനെ വിജയിപ്പിക്കണം എന്നാണ് എല്‍ഡിഎഫ് മുന്നോട്ടുവച്ചിരുന്ന ആഹ്വാനം. എന്നാല്‍ ഇതേ മണ്ഡലത്തില്‍ തന്നെ പ്രദീപ് കുമാര്‍ പിന്നോട്ട് പോയതാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ വിഷമത്തിലാക്കുന്നത്.

വലിയ വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍നിന്ന് എംകെ രാഘവന്‍ നേടിയത്. കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ ഒരു നിയോജക മണ്ഡലത്തില്‍ പോലും മുമ്പിലെത്താന്‍ പ്രദീപ് കുമാറിന് കഴിഞ്ഞില്ല. കൊടുവള്ളിയില്‍ നിന്ന് ലഭിച്ച ഭൂരിപക്ഷമാണ് എം.കെ രാഘവന്റെ മികച്ച നേട്ടത്തിന്റെ അടിത്തറ. 36000 വോട്ടിന്റെ ഭൂരിപക്ഷമാണ് എം.കെ രാഘവന്‍ കൊടുവള്ളിയില്‍നിന്ന് നേടിയെടുത്തത്.