Entertainment
ആ നടിയെ തൊടാൻപോലും എനിക്ക് മടിയായിരുന്നു, അതിൽ നിന്ന് പുറത്തുകടക്കാൻ പറഞ്ഞത് സംവിധായകനാണ്: പ്രഭാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 19, 11:07 am
Sunday, 19th January 2025, 4:37 pm

നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മൂല്യമുള്ള താരമാണ് പ്രഭാസ്. രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ ഇമേജ് സൃഷ്ടിക്കാന്‍ പ്രഭാസിനായി.

ബാഹുബലി 2 മുതല്‍ക്കിങ്ങോട്ട് പ്രഭാസ് നായകനായ എല്ലാ ചിത്രങ്ങളും ആദ്യദിനം തന്നെ 100 കോടി നേടിയിരുന്നു. ഡിസാസ്റ്റര്‍ റിവ്യൂ ലഭിച്ച സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങളും ഇതില്‍പ്പെടും. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കല്‍ക്കി 2898 എ.ഡി 1000 കോടി നേടിയതോടെ പ്രഭാസിന്റെ സ്റ്റാര്‍ വാല്യു വീണ്ടും ഉയര്‍ന്നു.

ഇത്ര വലിയ താരമായിട്ടും പല അഭിമുഖങ്ങളിലും സൈലന്റായി ഇരിക്കുന്ന പ്രഭാസിനെ പ്രേക്ഷകർ കണ്ടിട്ടുണ്ടാവും. വളരെ ഉൾവലിഞ്ഞ പ്രകൃതമാണ് തന്റേതെന്ന് പ്രഭാസ് പറയുന്നു. ആദ്യ സിനിമയിൽ നായികയെ കെട്ടിപ്പിടിക്കുന്ന ഒരു സീൻപോലും വളരെ മടിയോടെയാണ് താൻ ചെയ്തതെന്നും പ്രഭാസ് പറയുന്നു. സംവിധായകനാണ് നാണമൊക്കെ മാറ്റിവെക്കാൻ തന്നോട് പറഞ്ഞതെന്നും പ്രഭാസ് കൂട്ടിച്ചേർത്തു. ബാഹുബലിക്ക് മുമ്പ് വളരെ കുറച്ച് അഭിമുഖങ്ങളിൽ മാത്രമേ താൻ പങ്കെടുത്തിട്ടുള്ളൂവെന്നും കൽക്കിയിൽ അഭിനയിക്കുമ്പോൾ നടി ദീപികയും തന്റെ സ്വഭാവത്തെ കുറിച്ച് ചോദിച്ചിട്ടുണ്ടെന്നും പ്രഭാസ് പറഞ്ഞു.

‘സത്യത്തിൽ വളരെ ഉൾവലിഞ്ഞ പ്രകൃതമാണ് ഞാൻ. ശരിക്കും നാണക്കാരൻ. എൻ്റെ ആദ്യസിനിമയിൽ നായികയെ റോഡിൽവെച്ച് കെട്ടിപ്പിടിക്കുന്നൊരു സീനുണ്ട്. എനിക്കവരെ തൊടാൻ പോലും മടിയായിരുന്നു. ഷൂട്ടിങ് കാണാൻ വന്നവർക്കാർക്കും എന്നെ അറിയില്ലെന്നത് പ്ലസ് പോയിന്റാണ്.

എങ്കിലും നാണം മാറിയില്ല. ഒട്ടും ശരിയായിട്ടല്ല ഞാനാ സീൻ അഭിനയിച്ചുതീർത്തത്. അതുകണ്ടപ്പോൾ സംവിധായകന് കുറച്ച് പ്രശ്‌നമായി. എന്നിട്ട് പറഞ്ഞു, നീ നാണമൊക്കെ മാറ്റിവെക്കണം, അതിൽനിന്നൊക്കെ പുറത്തുകടക്കണം”. ഈ അഭിമുഖത്തിന്റെ കാര്യം തന്നെയെടുക്കാം, മുമ്പായിരുന്നുവെങ്കിൽ എനിക്കിങ്ങനെ സംസാരിക്കാൻ പറ്റില്ലായിരുന്നു. കാരണം, ബാഹുബലിക്ക് മുമ്പ് വളരെ കുറവ് അഭിമുഖങ്ങൾ മാത്രമേ തെലുങ്കിൽ പോലും വന്നിട്ടുള്ളൂ.

അധികം ആളുകളുമായി ഇടപഴകേണ്ടി വന്നിട്ടില്ല. പക്ഷേ അതിനുശേഷം എല്ലാം മാറി. പല സംസ്ഥാനങ്ങളിൽ പോവുന്നു. പല ഭാഷകൾ സംസാരിക്കുന്നു. പലതരത്തിലുള്ള ആളുകളെ കാണുന്നു. അങ്ങനെ ആ നാണക്കാരനിൽനിന്ന് പുറത്തുകടന്നുവെന്നാണ് തോന്നുന്നത്. പക്ഷേ, അതിന് കുറച്ചധികം സമയമെടുത്തുവെന്ന് മാത്രം.

കൽക്കിയുടെ ഷൂട്ടിങ് നടക്കുമ്പോൾ ദീപിക പദുകോൺ ഇതേ ചോദ്യം എന്നോട് ചോദിച്ചിരുന്നു. ദീപികയും അല്‌പം ഉൾവലിഞ്ഞ പ്രകൃതമാണ്. എന്നിട്ടും ഞങ്ങൾ പെട്ടെന്ന് ഓക്കെയായി. ഷൂട്ടിന്റെ ആദ്യദിവസം വൈകുന്നേരമാവുമ്പോഴേക്കും ഞങ്ങൾ ഫ്രീയായി സംസാരിച്ചുതുടങ്ങി,’പ്രഭാസ് പറയുന്നു.

Content Highlight: Prabhas About His Character