ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ പോസ്റ്റുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്. ഇലക്ടറല്‍ ബോണ്ട്, ഇ.വി.എം എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് നീക്കം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ എക്‌സിലെ നാല് അക്കൗണ്ടുകള്‍ നീക്കം ചെയ്‌തെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഇലക്ടറല്‍ ബോണ്ടിനെതിരെയും കേന്ദ്ര സര്‍ക്കാരിന് എതിരെയും പോസ്റ്റ് ഇട്ടതിനാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് തങ്ങള്‍ എതിരല്ലന്നാണ് എക്‌സ് ഇതിന് നല്‍കിയ വിശദീകരണം. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തതെന്ന് എക്‌സ് മറുപടി നല്‍കി.
തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് കൊണ്ട് സര്‍ക്കാരിനെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിലൂടെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അഭിമുഖം ഒരു ഫ്ളോപ്പ് ആയ പരിപാടിയായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവിനോടൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
അഭിമുഖത്തില്‍ കൂടുതലായും നരേന്ദ്ര മോദി സംസാരിച്ചത് ഇലക്ടറല്‍ ബോണ്ടിനെ കുറിച്ചായിരുന്നു. രാജ്യത്ത് സുതാര്യതയും രാഷ്ട്രീയ ശുദ്ധീകരണവും നടപ്പിലാക്കാന്‍ വേണ്ടിയാണ് ഇലക്ടറല്‍ ബോണ്ട് എന്ന സംവിധാനം നടപ്പിലാക്കിയതെന്നായിരുന്നു മോദിയുടെ അവകാശവാദമെന്ന് രാഹുല്‍ പറഞ്ഞു.
എന്നാല്‍ മോദി അഴിമതിയുടെ ചാമ്പ്യന്‍ ആണെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ പദ്ധതിയാണ് ഇലക്ടറല്‍ ബോണ്ടെന്നും പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് ശരിയായ പദ്ധതി ആയിരുന്നെങ്കില്‍ സുപ്രീം കോടതി എന്തുകൊണ്ടാണ് അത് റദ്ദാക്കിയതെന്നും രാഹുല്‍ ചോദിച്ചു.
Content Highlight: Posts against Modi are being removed using the Election Commission; Congress