ജയ്പൂര്‍: കോണ്‍ഗ്രസില്‍ നേതൃത്വത്തെച്ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഒരുഭാഗത്ത് പാര്‍ട്ടിക്ക് വലിയരീതിയിലുള്ള തലവേദന സൃഷ്ടിക്കുമ്പോള്‍ മറുവശത്ത് സച്ചിന്‍ പൈലറ്റുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുകയാണ്.
ഒരുമാസക്കാലത്തോളം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നിലനിന്ന പ്രതിസന്ധി സച്ചിന്‍ പൈലറ്റിന്റെ മടങ്ങിവരവോടെ കോണ്‍ഗ്രസിന് ആശ്വാസം നല്‍കിയിരുന്നു.
സച്ചിന്റെ ഭാഗത്തുനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് നിലവിലെ സാഹചര്യത്തില്‍ ആശ്വാസമേകുന്നതാണ്.
പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിച്ച നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ ഏകോപനം ഉണ്ടായിരിക്കണം, അവര്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് നമ്മള്‍ ചിന്തിക്കണം എന്നായിരുന്നു രാജസ്ഥാനില്‍ നടന്ന യോഗത്തിന് ശേഷം സച്ചിന്‍ പ്രതികരിച്ചത്.
വരും ദിവസങ്ങളില്‍ നല്ല ഫലങ്ങള്‍ പുറത്തുവരുമെന്നും സച്ചിന്‍ പറഞ്ഞു.
സച്ചിന്‍ പൈലറ്റും വിമത എം.എല്‍.എമാരും പാര്‍ട്ടിക്ക് പുറത്തുപോയപ്പോഴും സച്ചിനെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം കാര്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഈ ഘട്ടങ്ങളില്‍ പലപ്പോഴായി അശോക് ഗലോട്ട് തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നിരുന്നെങ്കിലും സച്ചിനെ വിട്ടുകളയാനോ പിണക്കാനോനേതൃത്വം തയ്യാറായില്ല. സച്ചിന്‍ തിരിച്ചെത്തിയപ്പോഴും ഗലോട്ട് തനിക്കുള്ള അതൃപ്തി പരോക്ഷമായി വെളിപ്പെടുത്തുകയും ചെയ്തു.