ഐ.പി.എല്‍ 2023ന്റെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പടുകൂറ്റന്‍ സ്‌കോറുമായി ഗുജറാത്ത് ടൈറ്റന്‍സ്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സാണ് ടൈറ്റന്‍സ് അടിച്ചുകൂട്ടിയത്. ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഹോം ടീമിനെ പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
മുംബൈ നിരയില്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് ഒഴികെ പന്തെറിഞ്ഞവരെല്ലാം അടിവാങ്ങിക്കൂട്ടിയിരുന്നു. ഇക്കൂട്ടത്തില്‍ കഴിഞ്ഞ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആകാശ് മധ്വാളുമുണ്ടായിരുന്നു.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 3.3 ഓവര്‍ പന്തെറിഞ്ഞ് വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി ഫൈഫര്‍ സ്വന്തമാക്കിയ മധ്വാള്‍ ക്വാളിഫയറിലെത്തിയപ്പോള്‍ കളി മറന്നു. നാല് ഓവറില്‍ 52 റണ്‍സ് വഴങ്ങി ഒറ്റ വിക്കറ്റ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
മധ്വാളിനെ പോലെ പരാജയമായ മറ്റൊരു പ്രധാനിയും മുംബൈ നിരയിലുണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മെയ്ഡനടക്കം എറിഞ്ഞ് ലഖ്‌നൗവിനെ പിടിച്ചുകെട്ടിയ ക്രിസ് ജോര്‍ദനും ഗുജറാത്തിന് മുമ്പിലെത്തിയപ്പോള്‍ ചെണ്ടയായി.
നാല് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 56 റണ്‍സാണ് താരം വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ 3.50 എന്ന തകര്‍പ്പന്‍ എക്കോണമിയുണ്ടായിരുന്ന ജോര്‍ദന്‍ ടൈറ്റന്‍സിനെതിരെ 14 എന്ന മോശം എക്കോണമിയിലാണ് പന്തെറിഞ്ഞത്.
അതേസമയം, 234 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 29 എന്ന നിലയിലാണ് മുംബൈ. നേഹല്‍ വധേരയുടെയും രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. നേരത്തെ പരിക്കേറ്റ് കാമറൂണ്‍ ഗ്രീന്‍ റിട്ടയര്‍ഡ് ഹര്‍ട്ടായതും മുംബൈക്ക് തിരിച്ചടിയായിരുന്നു.