പൂഞ്ച് ഭീകരാക്രമണം; പാക് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
national news
പൂഞ്ച് ഭീകരാക്രമണം; പാക് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st April 2023, 12:54 pm

ന്യൂദല്‍ഹി: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവം പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ ഇന്ത്യാ സന്ദര്‍ശനത്തെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തിന്റെ ഭാഗമായി ബിലാവല്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു.

മെയ് 4, 5 തീയതികളില്‍ ഗോവയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍സിന്റെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിലാവല്‍ ഇന്ത്യയിലെത്തുമെന്ന് പാക് വിദേശകാര്യ മന്ത്രാലയമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പൂഞ്ച് ഭീകരാക്രമണം സന്ദര്‍ശനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസം പൂഞ്ചില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന സംഘടന ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ ഇ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ സഹായത്തോടെയാണ് പീപ്പിള്‍ ആന്റി ഫാസിസ്റ്റ് ഫ്രണ്ടിന്റെ പ്രവര്‍ത്തനം. നാല് പേരടങ്ങുന്ന തീവ്രവാദി സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൈന്യം സംശയിക്കുന്നത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയായിരുന്നു ആക്രമണം നടന്നത്. ഭിംബര്‍ ഗലിയില്‍ നിന്ന് പൂഞ്ചിലെ സങ്കിയറ്റിലേക്ക് പോകുകയായിരുന്ന വാഹനം ഗ്രനേഡ് ആക്രമണത്തില്‍ കത്തിയമരുകയായിരുന്നു. ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് വാഹനത്തിന് തീ പടര്‍ന്നെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

ഭീകരാക്രമണങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വരുത്താറുണ്ട്. 2008 നവംബര്‍ 26ന് മുംബൈയിലുണ്ടായ ഭീകരാക്രമണം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. 2019ല്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പത് സൈനികര്‍ കൊല്ലപ്പെട്ടതും തുടര്‍ന്ന് ബാലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുമെല്ലാം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണുണ്ടായത്.

എന്നാല്‍ പുല്‍വാമ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചു എന്നാരോപിച്ച് കൊണ്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത് വന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പുല്‍വാമ ആക്രമണത്തിന്റെ വാസ്തവം അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു.

2014ല്‍ നവാസ് ഷെരീഫിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാന പാക്കിസ്ഥാന്‍ രാഷ്ട്രീയ നേതാവാകാനൊരുങ്ങുകയായിരുന്നു ബിലാവല്‍. റഷ്യ, ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിങ്ങനെ എട്ട് യുറേഷ്യന്‍ രാജ്യങ്ങള്‍ അംഗങ്ങളായി 2001ല്‍ സ്ഥാപിതമായ സംഘടനയാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ, സൈനിക കാര്യങ്ങളില്‍ സഹകരിച്ചുള്ള പ്രവര്‍ത്തനമാണ് സംഘടന ലക്ഷ്യമിടുന്നത്.

Content Highlights: Poonch terror attack will affect Pakistan’s foreign minister’s visit to India; report