തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പൊന്നാനിയില്‍ ജാഗ്രത കര്‍ശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഐ.ജി അശോക് യാദവ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇന്ന് മാത്രം പൊന്നാനിയില്‍ സാമൂഹിക അകലം പാലിക്കാത്തതിന് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തില്‍ ഒരു ആശുപത്രിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
നിലവില്‍ പൊന്നാനിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു പഞ്ചായത്തില്‍ അഞ്ച് കടകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. സാധനം ആവശ്യമുള്ളവര്‍ പൊലീസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറില്‍ ഓര്‍ഡര്‍ നല്‍കണം. തുടര്‍ന്ന് ഈ സാധനങ്ങള്‍ വളണ്ടിയര്‍മാര്‍ വീട്ടിലെത്തിക്കും.
അതേസമയം ഇന്ന് സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 5373 കേസ് രജിസ്റ്റര്‍ ചെയ്തു. 15 പേര്‍ക്കെതിരെ നിരീക്ഷണം ലംഘിച്ചതിന് കേസ് എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ട്രെയിനില്‍ വരുന്നവര്‍ നിരീക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നല്ല ജാഗ്രതയോടെ ഇത് തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു ഓഫീസുകള്‍ അണുവിമുക്തമാക്കാന്‍ കുടുംബശ്രീയുടെ സേവനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.