വ്യാജ പരസ്യങ്ങൾ; മെറ്റക്കെതിരെ കേസ് കൊടുക്കാനൊരുങ്ങി പോളിഷ് വ്യവസായി
World News
വ്യാജ പരസ്യങ്ങൾ; മെറ്റക്കെതിരെ കേസ് കൊടുക്കാനൊരുങ്ങി പോളിഷ് വ്യവസായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2024, 11:57 am

വാഷിങ്ടൺ: തന്റെയും ഭാര്യയുടെയും പേരിൽ വ്യാജപരസ്യങ്ങൾ പ്രചരിപ്പിച്ചതിന് മെറ്റക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പോളിഷ് ശത കോടീശ്വരൻ. പോളിഷ് ശതകോടീശ്വരനും പാർസൽ ലോക്ക് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ റാഫേൽ ബ്രസോസ്‌കയാണ് മെറ്റക്കെതിരെ രംഗത്തെത്തിയത്. തന്റെയും ഭാര്യ ഒമേനാ മെൻസയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി വ്യാജ പരസ്യങ്ങൾ ഫേസ്ബുക്ക് പ്രചരിപ്പിച്ചെന്നും അത് പിൻവലിക്കാനുള്ള അഭ്യർത്ഥനകൾ അവർ അവഗണിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

‘മെറ്റക്കെതിരെ ഒരു സ്വകാര്യ കേസ് ഫയൽ ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഏത് അധികാരപരിധിയിലാണ് അവർക്കെതിരെ കേസെടുക്കേണ്ടതെന്ന് ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഞങ്ങൾ തീരുമാനിക്കും,’ ബ്രസോസ്ക റോയിട്ടേഴ്സിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

അതോടൊപ്പം മെറ്റയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങുമെന്നും അത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും ബ്രസോസ്ക പറഞ്ഞു.

‘ഞാനും ഭാര്യയും മെറ്റയോട് ഞങ്ങളുടെ അനുവാദമില്ലാതെ ചിത്രങ്ങൾ എടുക്കരുതെന്നും അവ പരസ്യങ്ങൾക്കായി ഉപയോഗിച്ച് ലാഭമുണ്ടാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിനെതിരെ ഞങ്ങൾ നഷ്ടപരിഹാരം വാങ്ങിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആ പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വെക്കുന്നതാണ് ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് മാസത്തോളമായി ബ്രസോസ്കയുടെയും ഭാര്യയുടെയും യഥാർത്ഥ ഡാറ്റയും ചിത്രങ്ങളും ഉപയോഗിച്ച് പോളണ്ടിലെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും തെറ്റായ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. ഇത് അവസാനിപ്പിക്കാൻ മെറ്റ പ്ലാറ്റ്‌ഫോംസ് അയർലൻഡ് ലിമിറ്റഡിന് കഴിഞ്ഞയാഴ്ച പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ഓഫീസ് പ്രസിഡൻ്റ് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

 

ഒമേനാ മെൻസയെ അവരുടെ ഭർത്താവ് ഉപദ്രവിക്കുന്നു, അവർ മരണപ്പെട്ടു തുടങ്ങിയ പരസ്യങ്ങൾ ഫേസ്ബുക് പങ്കുവെച്ചിട്ടുണ്ടെന്ന് പോൾസ്‌കി റേഡിയോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് തന്നെക്കുറിച്ചുള്ള 263 പരസ്യങ്ങളെങ്കിലും മെൻസ കണ്ടെത്തിയിട്ടുണ്ട്, അവയെയെല്ലാം തന്നെ അവർ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

 

Content Highlight: Polish tycoon to sue Meta over fake ads